ന്യൂദല്‍ഹി: ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തിപ്പെടുന്നതിന് പിന്നാലെ അറ്റകൈ പ്രയോഗവുമായി റിലയന്‍സ് ജിയോ. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
ബില്‍ ആന്‍ഡ് കീപ്പ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ട്രായി (ടെലെകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദേശ പ്രകാരം ഇത് നടപ്പാക്കുന്നതെന്നും ജിയോ അറിയിച്ചു.
‘ഉടന്‍ തന്നെ ഐ.യു.സി ചാര്‍ജുകള്‍ നിര്‍ത്തും. ജിയോ ഒരിക്കല്‍ കൂടി ജനുവരി ഒന്ന് മുതല്‍ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള ആഭ്യന്തര കോളുകളുടെ നിരക്ക് പൂജ്യമാക്കും,’ അധികൃതര്‍ വ്യക്തമാക്കി.
പുത്തന്‍ സാങ്കേതിക വിദ്യ സാധാരണ ജനങ്ങള്‍ക്ക് ഉപകാരമാവുന്നതരത്തില്‍ ലഭ്യമാക്കുന്നതില്‍ ജിയോ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളെ മാനിക്കുന്നവരാണ് തങ്ങളെന്നും പുത്തന്‍ സാങ്കേതിക മാറ്റങ്ങളിലൂടെ ജിയോ വിപ്ലവകരമായ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പോര്‍ട്ടിംഗ് സംവിധാനം തടസ്സപ്പെട്ടതായി കാണിച്ച് കിസാന്‍ ഏക്താ മോര്‍ച്ച രംഗത്തെത്തിയിരുന്നു. നിരവധി തവണ സിം മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടും സേവനം തടസ്സപ്പെട്ടതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിഷയം അന്വേഷിക്കണമെന്നും ഉടന്‍ നടപടിയെടുക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
സമരം കോര്‍പറേറ്റുകള്‍ക്കെതിരാണെന്ന് കൂടി പ്രഖ്യാപിച്ച ശേഷമാണ് കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ ജിയോ സിം ബഹിഷ്‌കരിക്കുന്നതിനുള്ള ക്യാംപയിനുമായി രംഗത്തെത്തിയിരുന്നു.
ബോയ്ക്കോട്ട് ജിയോ എന്ന ഹാഷ്ടാഗില്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ തീരുമാനത്തെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരും രംഗത്തെത്തിയിരുന്നു.
അതേസമയം കര്‍ഷക പ്രതിഷേധം ഇന്ന് 36 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത ചര്‍ച്ചയും പരാജയമായിരുന്നു.
അതിനാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. നിയമം നടപ്പാക്കുന്നതില്‍ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കും.