കാസര്‍കോട്(www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് ക്രമാതീതമായി വര്‍ധിച്ചു. കസ്റ്റംസ് പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2018-2019 വര്‍ഷത്തില്‍ അഞ്ചു കള്ളക്കടത്തുകളാണ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. അഞ്ചു കേസുകളിലുമായി മൂന്ന് കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് കേസ്.എന്നാല്‍ 2019-20 വര്‍ഷത്തിലെത്തിയപ്പോള്‍ കള്ളക്കടത്തു കേസുകളുടെ എണ്ണം വര്‍ധിച്ചുവെന്ന് മാത്രമല്ല സ്വര്‍ണ്ണത്തിനൊപ്പം മയക്കു മരുന്നു കടത്തും സജീവമായി തീര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ കണ്ണൂര്‍ വിമാനത്താവളം വഴി കടത്തിയ 64 സ്വര്‍ണ്ണക്കടത്തു കേസുകളാണ് പിടികൂടിയത്.
17.57 കോടി രൂപ വിലവരുന്ന 45 കിലോ സ്വര്‍ണ്ണം പിടികൂടുകയും 29 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അതേവര്‍ഷം വിമാനത്താവളം വഴി 27 ലക്ഷം രൂപ വിലവരുന്ന കാല്‍ലക്ഷം സിഗരറ്റുകളും പിടികൂടി. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യാനായില്ല. വിദേശ പണം കടത്തിയതിന് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്‌തു. മാരകമായ ഹാഷിഷ് ഓയില്‍ കടത്തിയതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. 983 ഗ്രാം ഹാഷിഷുമായി ഒരാള്‍ അറസ്റ്റിലായി.
2019-20 വര്‍ഷത്തില്‍ ഏഴു കുങ്കുമപ്പൂക്കള്‍ കടത്തു കേസുകളാണ് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്‌തത്. 41.6 കിലോ കുങ്കുമപ്പൂ പിടികൂടിയപ്പോള്‍ ആരെയും അറസ്റ്റ് ചെയ്‌തില്ല. 35.12 കിലോ തൂക്കം വരുന്ന പുകയില ഉല്‍പ്പന്നങ്ങളും കണ്ണൂരില്‍ പിടിയിലായി. അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്‌ത്. 2020-21 വര്‍ഷത്തില്‍ ഇതിനകം 58 സ്വര്‍ണ്ണക്കടത്തു കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. 30 കിലോ സ്വര്‍ണ്ണവുമായി 37 പേരാണ് അറസ്റ്റിലായത്. വിദേശ പണം കടത്തിയതിന് അഞ്ചു കേസുകളും കണ്ടെത്തി. 3016 ഗ്രാം കഞ്ചാവുമായി ഒരാളെയാണ് ഈ വര്‍ഷം ഇതുവരെ അറസ്റ്റ് ചെയ്‌തത്