ന്യൂദല്‍ഹി: ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ തകര്‍ത്ത നിലയില്‍. ജാമിഅ മിലിയ ഇസ്‌ലാമിയയ്ക്ക് സമീപം ദക്ഷിണ ദല്‍ഹിയിലെ ബട്‌ല ഹൗസ് ഖബര്‍സ്ഥാനിലെ കല്ലറയാണ് അജ്ഞാതര്‍ ആക്രമിച്ചത്.
അതേസമയം സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.ഉത്തര്‍പ്രദേശിലെ ബിബിപുരില്‍ ജനിച്ച ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ 1947-48ലെ ഒന്നാം ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു.നൗഷേരയിലെ വിജയത്തിന് പിന്നാലെ ‘നൗഷേര സിംഹം’ എന്ന വിളിപ്പേരും ഉസ്മാന് ലഭിച്ചു.
വിഭജനകാലത്ത് മുഹമ്മദലി ജിന്ന ഉസ്മാനെ പാകിസ്താനിലേക്ക് ക്ഷണിക്കുകയും കരസേനാ മേധാവി സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇന്ത്യാക്കാരനാണെന്ന് പറഞ്ഞ് വാഗ്ദാനം നിരസിക്കുകയായിരുന്നു ഉസ്മാന്‍ ചെയ്തത്.
ഉസ്മാന്റെ മരണാനന്തരചടങ്ങില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, രാഷ്ട്രപതി രാജേന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുത്തിരുന്നു. മരണാനന്തര ബഹുമതിയായി മഹാവീര ചക്രം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.