ബിജെപി പരിപാടി നടക്കാനിരുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍

0
158

ചണ്ഡിഗഢ് : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപി പരിപാടി നടക്കാനിരുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍. പഞ്ചാബ് ഫഗ്വാരയിലെ ഒരു ഹോട്ടല്‍ ആണ് കര്‍ഷകര്‍ ഉപരോധിച്ചത്. ഹോട്ടലില്‍ ബിജെപി നേതാക്കള്‍ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞ് ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് ഹോട്ടല്‍ ഉപരോധിച്ചത്.

ഹോട്ടലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷം ബിജെപി ആചരിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പഞ്ചാബിലെ ഫഗ്വാരയിലെ കര്‍ഷകര്‍ ഹോട്ടലിലേക്ക് പിക്കറ്റിങ് നടത്തിയത്. നിരവധി ബിജെപി നേതാക്കളെ ഹോട്ടലിലേക്ക് കടക്കുന്നത് വിലക്കി, മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.

കര്‍ഷകരുടെ കണ്ണുവെട്ടിച്ച് ഹോട്ടലിലേക്ക് കടന്ന ബിജെപി നേതാക്കള്‍ ഒടുവില്‍ പോലീസിന്റെ സഹായത്തോടെ ഹോട്ടലിന്റെ പിന്‍വാതിലിലൂടെയാണ് രക്ഷപ്പെട്ടത്. ബിജെപി ജില്ലാ, ബോക്ക് പ്രസിഡന്റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്ല എന്നിവരാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്.

കന്നുകാലി, കോഴി തീറ്റകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയാണ് ഹോട്ടലിന്റെ മുതലാളിയെന്നും ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ഇയാള്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ ഗൂഡാലോചന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ ഒത്തുകൂടിയത് എന്നാണ് കര്‍ഷക സംഘടന നേതാവ് കിര്‍പാല്‍ സിങ് മുസ്സാപൂര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here