മഞ്ചേശ്വരം: രണ്ട് പതിറ്റാണ്ടായി യു.ഡി.എഫ് ഭരണം കൈയാളിയിരുന്ന മീഞ്ച പഞ്ചായത്ത് ഭരണം ഇത്തവണ അവരെ കൈവിട്ടു. കഴിഞ്ഞ തവണ കോൺഗ്രസ്-4, ലീഗ്-3 എന്നിങ്ങനെ യു.ഡി.എഫ് ഏഴ് സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ലീഗ് അവരുടെ മൂന്ന് സീറ്റ് നിലനിർത്തിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി. നാല് സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ രണ്ടെണ്ണം വർധിപ്പിച്ച് സീറ്റ് നില ആറായി ഉയർത്തി. ബി.ജെ.പിയാണ് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. നാല് സീറ്റുണ്ടായിരുന്ന ഇടതുമുന്നണി ഒരെണ്ണം വർധിപ്പിച്ച് അഞ്ചായി ഉയർത്തിയിട്ടുണ്ട്. ഒരെണ്ണം സ്വതന്ത്രനും നേടി. കോൺഗ്രസിനാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. നാല് സീറ്റുണ്ടായിരുന്ന ഇടത്ത് നിന്നും പൂജ്യത്തിലേക്ക് എത്തിയതോടെ 10 വർഷമായി കോൺഗ്രസ് പ്രസിഡൻറ് പദവിക്ക് വിരാമമായി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻെറ പിന്തുണ ഇടതുപക്ഷത്തേക്ക് പോകാനാണ് സാധ്യത. ഇതോടെ തുല്യത വന്നാൽ നറുക്കെടുപ്പോ അല്ലെങ്കിൽ ലീഗ് പിന്തുണയോ വേണ്ടിവരും ഇടതിന് ഭരണത്തിലേറാൻ. ആകെ സീറ്റ്: 15 എൽ.ഡി.എഫ്: 5 ബി.ജെ.പി: 6 മുസ്‌ലിം ലീഗ്: 3 സ്വതന്ത്രൻ: 1