വിവാദങ്ങളെ മറികടന്ന് മുന്നേറിയിട്ടും ഇടതിന് നഷ്ടം 224 സീറ്റ്; നേട്ടം എൻഡിഎയ്ക്ക് മാത്രം

0
193

കോട്ടയം∙ അതിശക്തമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും കൈയ്യിലുണ്ടായിരുന്ന 360 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 96 മുനിസിപ്പല്‍ വാര്‍ഡുകളും നഷ്ടപ്പെട്ട് ഇടതുമുന്നണി (തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 10 സീറ്റുകളിലെ ഫലം വരാനുണ്ട്). എന്‍ഡിഎയ്ക്കു മാത്രമാണ് ഇത്തവണ നില മെച്ചപ്പെടുത്താനായതെന്നാണ് കണക്കുകൾ.

യുഡിഎഫിലെ പ്രധാനകക്ഷിയായിരുന്നു കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയിട്ടും കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ നേടിയ 10,340 സീറ്റുകളില്‍നിന്നു നില മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിനു കഴിഞ്ഞിട്ടില്ലെന്നതാണ് കണക്കുകളിലെ യാഥാർഥ്യം. ഡിസംബര്‍ 17 വൈകിട്ട് നാലു വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇക്കുറി 10,116 സീറ്റുകളിലാണ് എല്‍ഡിഎഫ് ജയിച്ച‌ത് (2015ലേതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം 224 സീറ്റുകള്‍). 2015ല്‍ 8847 സീറ്റു നേടിയ യുഡിഎഫിന് ഇക്കുറി 8021 ഇടത്തു മാത്രമാണു ജയിക്കാനായത്. നഷ്ടം 826 സീറ്റുകൾ.

അതേസമയം 1244 സീറ്റുകളില്‍ ജയിച്ചിരുന്ന എന്‍ഡിഎ 1600 ആയി നില മെച്ചപ്പെടുത്തി. അധികമായി ലഭിച്ചത് 356 സീറ്റുകള്‍. 2015ല്‍ ആകെയുള്ള 15,962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 7623 ഇടത്താണ് എല്‍ഡിഎഫ് ജയിച്ചത്. എന്നാല്‍ ഇക്കുറി 7263 വാര്‍ഡുകളാണ് നേടാന്‍ കഴിഞ്ഞത്. 2015ല്‍ ആകെയുള്ള 3078 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 1263 ഇടത്ത് എല്‍ഡിഎഫ് ജയിച്ചിരുന്നു. ഇക്കുറി അത് 1167 ആയി കുറഞ്ഞു. അതേസമയം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും നില മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിനായി.

2015ല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 2080 സീറ്റുകളില്‍ 1088 ഇടത്താണ് എല്‍ഡിഎഫ് ജയിച്ചത്. ഇക്കുറി 1267 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. ജില്ലാ പഞ്ചായത്തില്‍ 170 എന്നത് 212 ആയി ഉയർത്തി. കോർപറേഷനില്‍ 196ല്‍നിന്ന് 207 ആയി സീറ്റുനില മെച്ചപ്പെടുത്തി. അതേസമയം യുഡിഎഫിന് ഇക്കുറി എല്ലാ മേഖലകളിലുമായി ആകെ 826 സീറ്റ് നഷ്ടമായി. 2015ൽ 8847 ഇടത്ത് ജയിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇത്തവണ യുഡിഎഫിന്റെ ജയം 8021 ആയി ചുരുങ്ങി.

കണക്കുകള്‍ പ്രകാരം യുഡിഎഫിന് നഷ്ടമായത് 432 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ. 2015ല്‍ 6324 വാര്‍ഡില്‍ ജയിച്ച യുഡിഎഫ് ഇക്കുറി 5892 ഇടത്തു മാത്രമാണ് ജയിച്ചത്. എല്ലാ തദ്ദേശ മേഖലകളിലും യുഡിഎഫിനു തിരിച്ചടിയാണ് ഉണ്ടായത്. ബ്ലോക്കില്‍ 917 സീറ്റ് ഉണ്ടായിരുന്നത് 727 ആയി കുറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ 145 ഡിവിഷനുകൾ എന്നത് 110 ആയി. 1318 മുനിസിപ്പാലിറ്റി വാർഡുകൾ 2015ല്‍ ജയിച്ചിരുന്നത് 1172 ആയി കറഞ്ഞു. കോര്‍പറേഷനിലെ 143 സീറ്റുകള്‍ 120 ആയും കുറഞ്ഞു.

അതേസമയം സീറ്റുനിലയില്‍ എൻഡിഎ നില മെച്ചപ്പെടുത്തിയെന്നാണു കണക്കുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ 1244 സീറ്റു നേടിയിരുന്നത് ഇത്തവണ 1600 ആയി വര്‍ധിച്ചു. 2015ല്‍ ഗ്രാമപഞ്ചായത്തിലുണ്ടായിരുന്ന 933 സീറ്റുകള്‍ 1182 ആയി ഉയര്‍ന്നു. ബ്ലോക്കില്‍ 16 സീറ്റും മുനിസിപ്പാലിറ്റിയില്‍ 84 സീറ്റും കോര്‍പറേഷനില്‍ എട്ട് സീറ്റും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അതേസമയം ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് കുറയുകയും ചെയ്തു.

മൂന്നു മുന്നണികളിൽ ഉൾപ്പെടാത്തവരും ഇക്കുറി നേട്ടമുണ്ടാക്കി. 2015 ല്‍ മറ്റുള്ളവർ 1078 സീറ്റുകൾ നേടിയത് ഇത്തവണ 1620 ആയി ഗ്രാമപഞ്ചായത്തില്‍ വര്‍ധിച്ചു. മുനിസിപ്പാലിറ്റിയില്‍ 156 സീറ്റുകളും കോര്‍പറേഷനില്‍ മൂന്നു സീറ്റുകളും മറ്റുള്ള കക്ഷികളും പാർട്ടികളും സ്വതന്ത്രരുമാണ് കയ്യടക്കിയത്. ജില്ലാ പഞ്ചായത്തിലും രണ്ട് ഡിവിഷനുകൾ അധികമായി നേടി. എന്നാൽ ബ്ലോക്കിൽ മുൻ തിരഞ്ഞെടുപ്പിനേക്കാള്‍ മറ്റുള്ളവർക്ക് നാല് സീറ്റ് കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here