അജ്മാന്‍: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ ചതിയില്‍പ്പെട്ട് യുഎഇയിലെ അജ്മാനിലെത്തി കുടുങ്ങിയ 12 ഇന്ത്യന്‍ വീട്ടുജോലിക്കാരെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് രക്ഷപ്പെടുത്തി. വന്‍ തുക ഏജന്റിന് നല്‍കി മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്. 21നും 46നും ഇടയില്‍ പ്രായമുള്ള 12 പേരെയാണ് രക്ഷപ്പെടുത്തിയത്.
ജോലി വാഗ്ദാനം ചെയ്‌തെത്തിച്ച ഇവരെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. പലപ്പോഴും ഭക്ഷണം പോലും നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ഏജന്റിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലായി മുറികളില്‍ പൂട്ടിയിട്ട നിലയിലാണ് സ്ത്രീകളെ കണ്ടെത്തിയത്. ഏഴുപേരെ ഒരു മുറിയിലും അഞ്ച് പേരെ മറ്റൊരു താമസസ്ഥലത്തെ മുറിയിലുമാണ് പൂട്ടിയിട്ടതെന്ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രൂപ് സിദ്ദുവിനെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു്.
ഇവരില്‍ അഞ്ചുപേരുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് ഫോണിലൂടെ യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഇടപെട്ടത്. 12 ഇന്ത്യന്‍ സ്ത്രീകളെ രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു. ഇവരില്‍ ഏഴുപേര്‍ പൊലീസില്‍ പരാതി നല്‍കി. 12 പേരില്‍ രണ്ടുപേര്‍ ഇന്ത്യയിലേക്ക് മടങ്ങി. മറ്റുള്ളവര്‍ക്കും ഉടന്‍ തന്നെ മടങ്ങാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.