കുമ്പള(www.mediavisionnews.in): തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അംഗമെന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ വേതനവും ആനുകൂല്യങ്ങളും വാർഡിലെ പാവപ്പെട്ട രോഗികൾക്കു വേണ്ടി ചെലവഴിക്കുമെന്ന് സ്ഥാനാർത്ഥി.
കുമ്പള മാട്ടംകുഴി വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി എം സ്വതന്ത്ര സ്ഥാനാർത്ഥി ഹനീഫ് കുണ്ടങ്കരടുക്കയുടേതാണ് നാട്ടുകാർക്ക് പ്രതീക്ഷയും മാതൃകാപരവുമായ പ്രഖ്യാപനം. കുമ്പള പ്രസ്’ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനമറിയിച്ചത്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ വാർഡിൽ നിന്ന് ബി ജെ പിയാണ് ജയിച്ചത്. കഴിഞ്ഞ തവണസി പി എം രണ്ടാം സ്ഥാനത്തായിരുന്നു.വിജയിച്ചു കഴിഞ്ഞാൽ വാർഡിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ വിശദീകരിച്ചു.
മുപ്പത് കേന്ദ്രങ്ങളിൽ സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കും. ഇതിനായി കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തെ ആധുനികവത്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഗവ. വെൽഫെയർ എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പരമാവധി കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കും. വാർഡിൽ നിലവിലുള്ള രണ്ട് ലൈബ്രറികളെ മെച്ചപ്പെടുത്തുന്നതോടൊപ്പം മൂന്ന് ലൈബ്രറികൾ കൂടി പുതുതായി സ്ഥാപിക്കും. ഇവിടങ്ങളിൽ ഓൺലൈൻ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കും.
വീടുകളിൽ പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങളെ വേർതിരിച്ച് സ്വരൂപിക്കുന്നതിനും പിന്നീട് സംസ്കരിക്കുന്നതിനും വേണ്ട പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റാനുള്ള സംവിധാനങ്ങളും വീടുകളിൽ തന്നെ ഒരുക്കും. വാർഡിൽ കുട്ടികൾക്കായി പാർക്ക് ആരംഭിക്കും. അർഹരായ മുഴുവൻ ആളുകൾക്കും പെൻഷൻ ലഭ്യമാക്കുമെന്നും നേതാക്കൾ വിശദീകരിച്ചു.
മറ്റു വാർഡുകളിൽ താമസക്കാരായ പലയാളുകൾക്കും ഇരുപത്തിയൊന്നാം വാർഡിൽ വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം എതിരായാൽ അതിനെതിരെ നടപടികളുമായി മുമ്പോട്ടു പോകുമെന്നും നേതാക്കൾ അറിയിച്ചു.
വാർഡിലെ മുഖ്യ തെരഞ്ഞെടുപ്പ് ഏജൻറ് അഡ്വ. ഉദയകുമാർ, മുനീർ, ഇർഷാദ് ചാക്കോ, ജാഫർ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു