സിബിഐ കസ്റ്റഡിയില്‍ നിന്ന് 103 കിലോ സ്വര്‍ണം കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
157

ചെന്നൈ: റെയ്ഡില്‍  പിടികൂടിയ 103 കിലോ സ്വര്‍ണം സിബിഐ കസ്റ്റഡിയില്‍ നിന്ന് കാണാതായി. 45 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സിബി-സിഐഡിയോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.  2012ല്‍ സിബിഐ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍ സിബിഐ സീല്‍ ചെയ്ത് പൂട്ടിയ സ്ഥലത്തുനിന്നാണ് സ്വര്‍ണം കാണാതായത്.

സ്വര്‍ണ സൂക്ഷിച്ച സ്ഥലത്തിന്റെ 72 താക്കോലുകള്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ കോടതിയില്‍ കൈമാറിയിരുന്നുവെന്നാണ് സിബിഐ പറയുന്നത്. തൂക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് കാരണമെന്നും സിബിഐ പറയുന്നു. സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ ഒരുമിച്ചാണ് തൂക്കിയത്. എന്നാല്‍, സുരാനയും എസ്ബിഐയും തമ്മിലുള്ള വായ്പ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി ഓരോ ആഭരണവും പ്രത്യേകമായാണ് തൂക്കിയത്. അതുകൊണ്ടാണ് തൂക്കം തമ്മില്‍ പൊരുത്തക്കേടുണ്ടായതെന്നും സിബിഐ പറയുന്നു.

എന്നാല്‍ സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല. സിബി-സിഐഡിയോട് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പ്രകാശ് ഉത്തരവിട്ടു. ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ അഭിമാനത്തിന് ഇടിവുണ്ടാകുമെന്ന് സിബിഐ കോടതിയോട് പറഞ്ഞു. എന്നാല്‍ സിബിഐക്ക് പ്രത്യേക കൊമ്പില്ലെന്നും എല്ലാ പൊലീസിനെയും വിശ്വസിക്കണമെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here