കാസർകോട്(www.mediavisionnews.in): വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ‐ ഫോൺ പദ്ധതി അടുത്ത മാസം ജില്ലയിലെ 127 കേന്ദ്രങ്ങളിൽ തുടങ്ങും.ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയുടെ പ്രവൃത്തി 99 ശതമാനം പൂർത്തിയായി.
ആദ്യം ജില്ലയിലെ ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും ബസ്‌സ്‌റ്റാൻഡുകളിലുമായി 127 ഇടത്താണ് ഇന്റർനെറ്റ് ലഭ്യമാക്കുക. തുടർന്ന് സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഒരുലക്ഷത്തിലധികം വീടുകളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് എത്തിക്കും. കുട്ടികളുടെ ഓൺലൈൻ പഠനത്തിനും മറ്റുമായി നാനൂറും അഞ്ഞൂറും രൂപയാണ് പ്രതിമാസം ഇന്റർനെറ്റിന് മാത്രം ചെലവഴിക്കുന്നത്. കെ ഫോൺ വരുന്നതോടെ ഈ അധികബാധ്യത സാധാരണ ക്കാരുടെ ചുമലിൽ നിന്ന് ഒഴിവാകും.
കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 1516.76 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി കിഫ്ബി മുഖാന്തിരമാണ് നടപ്പാക്കുന്നത്. റെയിൽവേ പാളങ്ങൾക്ക് കുറുകെയും ദേശീയപാതയ്‌ക്ക് കുറുകെയും ലൈൻ വലിക്കുന്നതിനുള്ള കേന്ദ്രസർക്കാർ അനുമതി വൈകുന്നതാണ് നിലവിലെ വെല്ലുവിളി.