2021-ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ 14ാം സീസണില്‍ ഉറപ്പായും താന്‍ കളിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം സുരേഷ് റെയ്ന. അതിനു മുന്നോടിയായി ഉത്തര്‍പ്രദേശിനുവേണ്ടി സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമെന്നും റെയ്ന വ്യക്തമാക്കി.
മുഷ്താഖ് അലിയില്‍ യു.പി ടീമിനെ താനായിരിക്കും നയിക്കുകയെന്നും റെയ്ന വെളിപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയുടെ ഫിക്സ്ചര്‍ ബി.സി.സി.ഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ഐ.പി.എല്‍ ലേലത്തിനു മുമ്പ് ടൂര്ണമെന്റുണ്ടാവുമെന്നാണ് കരുതുന്നത്.
ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷമാണ് റെയ്ന ആഭ്യന്തര ക്രിക്കറ്റില്‍ യുപിക്കു വേണ്ടി കളിക്കാനൊരുങ്ങുന്നത്. 2019-ല്‍ നടന്ന ഐ.പി.എല്‍ ഫൈനലിനു ശേഷം താരം പിന്നീട് മറ്റൊരു മത്സരത്തില്‍ കളിച്ചിട്ടില്ല. 2020 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമായിരുന്ന റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ കാരണം പിന്മാറിയിരുന്നു.
അടുത്ത സീസണില്‍ ചെന്നൈ ടീമിനു വേണ്ടി തന്നെയാവുമോ റെയ്ന കളിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2021 ഐ.പി.എല്‍ ഏപ്രില്‍, മേയ് മാസങ്ങളിലായി ഇന്ത്യയില്‍ തന്നെയാവും നടക്കുക.