മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷമാകുന്നു. ഹൊസങ്കടി ടൗണില്‍ ദേശീയപാതയോരത്തും റെയില്‍വേ സ്റ്റേഷന്‍ റോഡിലും മാലിന്യം കൂട്ടിയിട്ടനിലയിലാണ്. ബങ്കര മഞ്ചേശ്വരം റോഡ്, അംഗടിപ്പദവ്, ചെക്ക് പോസ്റ്റ് പരിസരം, കുഞ്ചത്തൂര്‍, തുമിനാട് ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്ബാരമാണ്. മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു.
ഓഫീസ് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നവര്‍ക്കും മൂക്കുപൊത്തിയിരിക്കേണ്ട സ്ഥിതിയാണ്. മാലിന്യം കാരണം തെരുവുനായ്കളുടെ ശല്യവും വര്‍ധിച്ചുവരുന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലായി കൂട്ടിയിട്ട മാലിന്യം പഞ്ചായത്ത് അധികൃതര്‍ ഒരാഴ്ചയ്കുമുന്‍പ് നീക്കംചെയ്തിരുന്നു. എന്നാല്‍, വീണ്ടും പഴയ സ്ഥിതിയിലായിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തുകൂടി കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയാണ് മാലിന്യം തള്ളുന്നത്. മഴ തുടങ്ങിയതോടെ ചീഞ്ഞളിഞ്ഞ മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് ഒഴുകിപ്പരക്കുകയാണ്. ഇതുമൂലം പകര്‍ച്ചവ്യാധി ഭീതിയിലാണ് ജനങ്ങള്‍.
മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാത്തത് പ്രശ്നം സങ്കീര്‍ണമാക്കുന്നു. മാലിന്യസംസ്കരണത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കാടുകയറിക്കിടക്കുകയാണ്. ഇവിടെ സംസ്കരണകേന്ദ്രത്തിനുവേണ്ടി കെട്ടിടംപണി തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയായിട്ടില്ല. ഈ മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നിരിക്കുകയുമാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഇതാണ് മാലിന്യപ്രശ്നം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.