വിദ്യാനഗർ: യുവതിക്കൊപ്പമുള്ള നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലംപാടിയിലെ അബ്ദുൾഖാദറി (ഖാദർ കരിപ്പൊടി)ന്റെ പരാതിയിൽ ഉളിയത്തടുക്ക നാഷനൽ നഗറിലെ കെ.നൗഫൽ ( നൗഫൽ ഉളിയട്ടടുക്ക 31) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനും യുവതിയും സമൂഹമാധ്യമങ്ങളിലൂടെ പരിചയക്കാരായിരുന്നു.
ഇവർ ഒരുമിച്ചുള്ള ചിത്രം കൈവശം ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്താതിരിക്കാൻ 25 ലക്ഷം രൂപയാണ് പ്രതി ആദ്യം ആവശ്യപ്പെട്ടതെന്നു പരാതിയിൽ പറയുന്നു. പിന്നീട് 10 ലക്ഷമാക്കി കുറച്ചു. 50000 രൂപ കൈമാറാൻ ശ്രമിച്ചെങ്കിലും തുക വാങ്ങാതെ ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. മുഴുവൻ തുകയും നൽകാമെന്ന വ്യാജേന പ്രതിയെ പരാതിക്കാരൻ വിളിച്ചു വരുത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തമ്മിലുള്ള ചിത്രം എവിടെ നിന്നാണ് പ്രതിക്ക് ലഭിച്ചതെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗർ സിഐ വി.വി. മനോജ്, എസ്ഐ.കെ.വിഷ്ണുപ്രസാദ്, എഡീഷണൽ എസ്ഐ. കെ.വിനോദ്കുമാർ, എഎസ്ഐ. രഘുനാഥ്, സിവിൽ പൊലിസ് ഓഫിസർ നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.