കുവൈത്ത് സിറ്റി (www.mediavisionnews.in): സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിഞ്ഞ മലയാളി ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങി. കാസര്‍കോട് മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദാണ് ജയില്‍ മോചിതനായത്. അബ്ബാസിയയിലെ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായിരുന്ന റാഷിദ് 2014 ജൂണ്‍ 25ന് അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ലഗേജില്‍നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ മയക്കുമരുന്നടങ്ങിയ പൊതി കണ്ടെടുത്തത്. തുടര്‍ന്ന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവും 5000 ദീനാര്‍ പിഴയും വിധിച്ചു. അപ്പീല്‍ കോടതി പിന്നീട് ശിക്ഷ ശരിവെക്കുകയും ചെയ്തു.
താന്‍ നിരപരാധിയാണെന്നും സുഹൃത്തിന്റെ ചതിയില്പെട്ടതാണെന്നുമുള്ള റാഷിദിന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ മോചനത്തിനായി ജനകീയ സമിതി രൂപവത്കരിച്ച് പരിശ്രമം നടത്തിയിരുന്നു. ഇൗ സമിതി ഏര്‍പ്പാടാക്കിയ അഭിഭാഷകനാണ് കേസ് വാദിച്ചത്. എല്ലാ പരിശ്രമവും നടത്തിയെങ്കിലും ശിക്ഷ ഒഴിവാക്കാന്‍ സാധിച്ചില്ല. മയക്കുമരുന്നായി ഉപയോഗിക്കുന്ന വേദനാസംഹാരി ഗുളികകളാണ് റാഷിദില്‍നിന്ന് അധികൃതര്‍ പിടികൂടിയത്. ഗുളികകള്‍ കൈമാറിയ സുഹൃത്തിനെയും എത്തിക്കാന്‍ ആവശ്യപ്പെട്ട കുവൈത്തിലെ സുഹൃത്തിനെയും മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. റാഷിദ് കേസിന് ശേഷം സമാന സംഭവങ്ങള്‍ ആവര്ത്തിച്ചതിെന്റ അടിസ്ഥാനത്തില്‍ ജനകീയ സമിതി മയക്കുമരുന്ന് വിഷയത്തില്‍ വ്യാപക ബോധവത്കരണവും നടത്തി.
മാധ്യമങ്ങളും ഇന്ത്യന്‍ എംബസിയും ഇതുസംബന്ധിച്ച ബോധവത്കരണത്തിനായി ശ്രമിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. റാഷിദിന്റെ കേസ് നടത്തിപ്പിന് സഹായം നല്കിയ വിവിധ സംഘടനകളെയും വ്യക്തികളെയും ജനകീയ സമിതി ചെയര്മാന് അപ്സര മഹമൂദ്, കണ്‍വീനര്‍ സത്താര്‍ കുന്നില്‍ എന്നിവര്‍ നന്ദി അറിയിച്ചു.