കുമ്പള : കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡായ ബദ്‌രിയാ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. റെസിഡന്റ്‌സ് അസോസിയേഷന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് സ്മാര്‍ട്ടിന്റെ ഫോട്ടോ പത്രത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രസിദ്ധീകരിച്ചത്.
മുഹമ്മദ് സ്മാര്‍ട്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച പതിനഞ്ചാം വാര്‍ഡിലെ ജനങ്ങളുടെ പൊതു കൂട്ടായ്മയായ റെസിഡന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുത്ത് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണെന്നും പതിനഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മുഹമ്മദ് സ്മാര്‍ട്ടും റെസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികളും കുമ്പള പ്രസ്സ് ഫോറം ഓഫീസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തികച്ചും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച മുഹമ്മദ് സ്മാര്‍ട്ട് ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ല. മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഇടത് പ്രവര്‍ത്തകരും പാര്‍ട്ടി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിയിൽ ഉള്ളവരും ഇല്ലാത്തവരും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളുന്ന കൂട്ടായ്മയാണ് റെസിഡന്റ്‌സ് അസോസിയേഷന്‍. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച കൂട്ടായ്മയാണ് ഇത്. വമ്പിച്ച ജനപിന്തുണ ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ചില ഭാഗത്ത് നിന്നുള്ള ശ്രമത്തിന്റെ ഭാഗമായി പല തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കുകയാണ്. ഇത് കൊണ്ടൊന്നും ഈ കൂട്ടായ്മയെ തകര്‍ക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥിയും ഭാരവാഹികളും പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പതിനഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മുഹമ്മദ് സ്മാര്‍ട്ട്, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജാഫര്‍ മാസ്റ്റര്‍, ചീഫ് ഏജന്റ് അബ്ദുല്ലത്തീഫ്, അബ്ദുല്‍ റഹ്മാന്‍, ജാബിര്‍, മന്‍സൂര്‍ എന്നിവര്‍ സംബന്ധിച്ചു.