ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്

0
297

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലൂടെ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും കളിക്കളത്തിലെത്തും. ആലപ്പുഴയിൽ ഡിസംബർ 17 മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആറ് ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് ടീം ടൈഗേഴ്സിൻറെ ജേഴ്സിയണിയും.

2013ല്‍ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലാത്ത കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്.

ഈ വര്‍ഷം സെപ്റ്റംബറിൽ ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചിരുന്നു. മത്സരം നടത്താനുള്ള അനുമതിക്കായി സർക്കാരിന് കത്ത് നൽകിയതായി കെസിഎ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here