കാസർകോട്: mediavisionnews.in തദ്ദേശ വകുപ്പു മന്ത്രിയും മുസ്‍ലിംലീഗ് ദേശീയ നിർവാഹക സമിതി അംഗവും ആയിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ മകളും മകന്റെ പത്‌നിയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. മകൾ മുംതാസ് സമീറ മഞ്ചേശ്വരം പഞ്ചായത്തിൽ 19 ാം വാർഡിലും മകന്റെ ഭാര്യ ജസീമ ജാസ്മിൻ ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിലും ആണ് സ്ഥാനാർഥി. മുംതാസ് സമീറ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് അംഗമായ കാസർകോട് സിവിൽ സ്റ്റേഷൻ വാർഡിൽ തന്നെയായി അനുജൻ കബീറിന്റെ ഭാര്യ ജസീമയുടെ കന്നി അങ്കം.
2010 മുതൽ 2015 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു മുംതാസ് സമീറ. കഴിഞ്ഞ 10 വർഷമായി തദ്ദേശ ജനപ്രതിനിധിയായ അവർ ഇക്കുറി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റാകാനാണ് ലക്ഷ്യം. വനിതാ ലീഗ് ജില്ലാ സെക്രട്ടറി, വനിതാ ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്, എസ്ടിയു ജില്ലാ സെക്രട്ടറി, തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമാണ്. വനിതാ ലീഗ് ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജസീമ ജാസ്മിൻ.