കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി ഖമറുദ്ദീൻ എംഎൽഎക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ആൻജിയോഗ്രാം പരിശോധന റിപ്പോർട്ട് വന്ന ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: സുദീപ് അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ച് ഖമറുദ്ദീന്‍റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.
അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ചയാകുപ്പോഴും പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.