കാസർകോട്(www.mediavisionnews.in) : കാസർകോട്ടുനിന്ന് മംഗളൂരുഭാഗത്തേക്ക് ഓടുന്ന കേരള ആർ.ടി.സി. ബസ്സുകളിൽ പാസ് അനുവദിക്കാത്തതുമൂലം വിദ്യാർഥികൾ ദുരിതത്തിൽ. എന്നാൽ, ദിവസേന നൂറുകണക്കിന് വിദ്യാർഥികൾ യാത്രചെയ്യുന്ന ഈ റൂട്ടിൽ കന്നഡ വിദ്യാർഥികൾക്കായി കർണാടക ആർ.ടി.സി. ബസ്സുകളിൽ പ്രത്യേക സ്കീംപ്രകാരം പാസുകൾ ലഭ്യമാണ്.
മംഗളൂരു, തലപ്പാടി, സുള്ള്യ, പുത്തൂർ, തൊക്കോട്, ദെർളക്കട്ട എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളിവിദ്യാർഥികളാണ് പാസ് ലഭ്യമല്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.
കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത് കേരള ആർ.ടി.സി.യും കർണാടക ആർ.ടി.സി.യും തമ്മിലുള്ള പ്രത്യേക കരാർനിയമപ്രകാരമാണ്. അതിനാൽ ഇന്റർ സ്റ്റേറ്റ് കൺസഷൻ അനുവദനീയമല്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കുന്നത്. മാത്രവുമല്ല കേരള ആർ.ടി.സി. ഓർഡിനറി ബസ്സുകളിൽമാത്രമേ പാസ് അനുവദിക്കുകയുള്ളൂ. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളാണ്. ഓർഡിനറി ബസ്സുകൾ ഇല്ലാത്തതിനാലും പാസ് അനുവദിക്കാൻ സാധ്യമല്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർ.ടി.സി. ബസ്സുകളിൽ വിദ്യാർഥികൾക്ക് ഗഡിനാട് കന്നഡിഗെ സ്കീംപ്രകാരം പാസ് അനുവദിക്കുന്നുണ്ട്. കന്നഡ വിദ്യാർഥിയാണെന്നുള്ള തഹസിൽദാറുടെ സാക്ഷ്യപത്രമുള്ളവർക്കുമാത്രമാണ് ഈ ഇളവുകൾ ലഭിക്കുന്നത്. ഇതുമൂലം മലയാളിവിദ്യാർഥികൾക്ക് യാത്രയിൽ ഇളവ് ലഭിക്കണമെങ്കിൽ മറ്റ് സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ടസ്ഥിതിയാണ്.
കഴിഞ്ഞദിവസം റെയിൽവേ തൊക്കോട് സ്റ്റേഷൻ നിർത്തിയതുമൂലം പാസഞ്ചർ ട്രെയിനിനെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾക്ക് തിരിച്ചടിയായിരുന്നു. ആ വിദ്യാർഥികൾ ഇപ്പോൾ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ പാസ് സൗകര്യം കിട്ടുകയിെല്ലന്നത് ഇവർക്ക് വീണ്ടും തിരിച്ചടിയാവുകയാണ്.
താമസിക്കുന്ന സ്ഥലത്ത്നിന്ന് 40 കിലോമീറ്റർ ചുറ്റളവിലേക്ക് മാത്രമാണ് കേരള ആർ.ടി.സി. പാസ് അനുവദിക്കുന്നത്. മൂന്നുമാസത്തേക്കുള്ള പാസ് ലഭിക്കുന്നതിന് ഒരുകുട്ടിക്ക് 110 രൂപയാണ് ചെലവ്. പിന്നീട് പുതുക്കുമ്പോൾ 10 രൂപ ഈടാക്കും.
ജില്ലയിൽ കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്കാണ് (ചന്ദ്രഗിരി റൂട്ട് വഴി) കൂടുതൽ പാസ്സുകൾ അനുവദിക്കുന്നത്. കഴിഞ്ഞവർഷം കാസർകോട് ഡിപ്പോയിൽനിന്ന് 4286 പാസുകൾ അനുവദിച്ചു. ഈ വർഷത്തെ പാസ്‌വിതരണം തിങ്കളാഴ്ച ആരംഭിക്കും.