തന്ത്രങ്ങളുമായി സിപിഎമ്മും ഇടതുമുന്നണിയും: വാക്പോരിൽ പെരിയ, കമറുദ്ദീൻ കേസുകൾ

0
215

കാസർകോട് ∙ പ്രാദേശിക വിഷയങ്ങളേക്കാൾ രാഷ്ട്രീയ വിഷയങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രചാരണ ആയുധമാക്കാൻ രാഷ്ട്രീയ നേതൃത്വം. എം.സി.കമറുദ്ദീൻ എംഎൽഎ ചെയർമാനായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പു തന്നെയാണ് ചൂടുള്ള വിഷയം. ഇതു പ്രചാരണ ആയുധമാക്കാൻ തന്ത്രങ്ങളുമായി സിപിഎമ്മും ഇടതുമുന്നണിയും കരുക്കൾ നീക്കുന്നു. അതേസമയം കമറുദ്ദീനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

കോവിഡിന്റെ പേരിൽ സർക്കാർ ഫണ്ട് ധൂർത്തടിച്ചതും പെരിയയിലെ ഇരട്ടകൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ തടയിട്ട് പ്രതികൾക്കൊപ്പം നിൽക്കുന്ന സർക്കാർ നിലപാടും തുറന്നുകാട്ടാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് നടത്തിയ എം.സി കമറുദീൻ എംഎൽഎയെ സംരക്ഷിക്കുവാൻ യുഡിഎഫും എൽഡിഎഫും മത്സരിക്കുന്നുവെന്ന ആരോപണമുന്നയിച്ച് ജനങ്ങളെ സമീപിക്കാനാണു ബിജെപിയുടെ നീക്കം.

കഴിഞ്ഞ തവണ ചെറിയ വോട്ടുകൾക്കു നഷ്ടപ്പെട്ട കള്ളാർ അടക്കമുള്ള 4 ഡിവിഷനുകൾ തിരിച്ചുപിടിച്ച് ജില്ലാ പഞ്ചായത്ത് നല്ല ഭൂരിപക്ഷത്തിൽ നിലനിർത്തുകയെന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ഇതിനായി മുന്നണിതല ചർച്ചകൾ പൂർത്തിയാക്കിക്കഴിഞ്ഞു. 14 ന് വൈകിട്ടോടെ മുന്നണി സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിക്കാനാണ് യുഡിഎഫ് തയാറെടുക്കുന്നത്.  മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയുള്ള ആരോപണങ്ങൾ, ശബരിമല വിഷയം എന്നീ വിഷയങ്ങളും യുഡിഎഫ് ഉയർത്തും.

അതേസമയം ജില്ലയിലെ ചില പഞ്ചായത്തുകളിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നടത്തുന്നതും വെൽഫെയർ പാർട്ടി അടക്കമുള്ള സംഘടനകളുമായി കൂട്ടു ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നതുമായ യുഡിഎഫിന്റെ നിലപാടുകൾ തുറന്നുകാട്ടാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്. പൗരത്വ ബില്ലിനെതിരെ ഇടതുപക്ഷം നടത്തിയ സമരങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഗുണംചെയ്യുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.

3 ഡിവിഷനുകൾ പിടിച്ചെടുത്ത് ജില്ലാ പഞ്ചായത്ത് ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷം. അതേസമയം ജില്ലയിൽ പരമ്പരാഗതമായി വിജയിക്കുന്ന സീറ്റുകൾക്കു  പുറമേ അട്ടിമറി വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. നീലേശ്വരം നഗരസഭയിൽപ്പെടുന്ന സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചാത്തമത്ത് പോലുള്ള വാർഡുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള തന്ത്രങ്ങളുമായാണ് ഇത്തവണ ബിജെപി കളത്തിലിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here