കോഴിക്കോട്: ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ഭിന്നത സംബന്ധിച്ച് പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും വരുംദിവസങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും ശോഭ പറഞ്ഞു.
മിസോറാം ഗവര്‍ണറും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.
അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന് അഭിപ്രായഭിന്നതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.
വിഷയത്തില്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസും സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു.
കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു. ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്‍ശന്‍ തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.