സ്ഥാനാര്‍ഥി മാനദണ്ഡം പുനഃപരിശോധിക്കണം: ലീഗ് ആസ്ഥാനത്തേക്ക് നിവേദനങ്ങളുടെ ഒഴുക്ക്‌, വിട്ടുവീഴ്ചക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം

0
207

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനാര്‍ഥി യോഗ്യതാ മാനദണ്ഡം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും സമ്മര്‍ദങ്ങളുമേറെ. തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്നു തവണ മത്സരിച്ച് വിജയിച്ചവര്‍ ഇത്തവണ സ്ഥാനാര്‍ഥികളാകേണ്ടെന്ന പാര്‍ട്ടി നിലപാടില്‍ ഇളവ് തേടിയാണ് പ്രാദേശികഘടകങ്ങളില്‍നിന്ന് നിവേദനങ്ങളെത്തുന്നത്. എന്നാല്‍ എടുത്ത തീരുമാനത്തില്‍ പിന്നോട്ടു പോകേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്.


തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കീഴ്ഘടകങ്ങളില്‍നിന്ന് ഒരു നിവേദന സംഘത്തെയും ജില്ലാ-സംസ്ഥാന ആസ്ഥാനത്തേക്ക് അയക്കേണ്ടെന്ന് പാര്‍ട്ടി വാര്‍ഡ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശിക തലങ്ങളില്‍നിന്ന് നിത്യേന നിവേദനങ്ങളുമായി പാര്‍ട്ടി ഓഫിസുകളിലേക്ക് എത്തുന്നവര്‍ നിരവധിയാണ്.

മൂന്നു തവണ തദ്ദേശ സ്ഥാപന പ്രതിനിധികളായവര്‍, മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിര നിര്‍മാണ ഫണ്ടിലേക്ക് ഒരുമാസത്തെ ഓണറേറിയം സംഭാവന നല്‍കാത്ത തദ്ദേശ സ്ഥാപന മെംബര്‍മാര്‍, പാര്‍ട്ടിപത്രത്തിന്റെ വരിക്കാരാകാത്തവര്‍, ക്വാട്ട പൂര്‍ത്തീകരിക്കാത്തവര്‍ തുടങ്ങിയവര്‍ക്കാണ് മത്സരിക്കുന്നതിനു വിലക്കുള്ളത്.

മൂന്നു തവണ മെമ്പര്‍മാരായവര്‍ക്കുള്ള വിലക്കാണ് മിക്ക പ്രമുഖ പ്രാദേശിക നേതാക്കള്‍ക്കും വിനയായത്. ഇതില്‍ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് കൂടുതല്‍ നിവേദനങ്ങളും. പ്രാദേശിക ഘടകങ്ങള്‍ സംസ്ഥാന-ജില്ലാ കമ്മിറ്റിയില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ആസ്ഥാന മന്ദിരത്തിലേക്ക് തദ്ദേശ അംഗങ്ങളില്‍നിന്ന് ഒരു മാസത്തെ ഓണറേറിയം ഒന്നിച്ചോ ഗഡുക്കളായോ നല്‍കാന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില മെംബര്‍മാര്‍ ഇതു നല്‍കിയിരുന്നില്ല. ഇവര്‍ക്കാണ് മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജില്ലാ കമ്മിറ്റിയുടെ വിലക്കുള്ളത്. ഓണറേറിയവും അതിനിരട്ടിയും നല്‍കാന്‍ പലരും തുനിഞ്ഞെങ്കിലും ഉദ്ഘാടനം കഴിഞ്ഞ മന്ദിരത്തിലേക്ക് ഇനി ഫണ്ട് സ്വീകരിക്കേണ്ട എന്ന നിലപാടിലാണ് നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here