നിലവിലെ ലീഡില്‍ എന്‍.ഡി.എ ബീഹാര്‍ ഭരിക്കില്ല; 41 മണ്ഡലങ്ങളിലെ ലീഡ് 1000 വോട്ടുകളില്‍ താഴെ; ഫലം മാറിമറയാം

0
162

പട്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കേ ആദ്യ ട്രെന്റുകള്‍ എന്‍.ഡി.എയ്ക്ക് അനുകൂലമാണെങ്കിലും കണക്കുകള്‍ പ്രകാരം നിലവിലെ ലീഡില്‍ എന്‍.ഡി.എയ്ക്ക് ഭരണം ഉറപ്പിക്കാനാവില്ല.

243 അംഗ ബീഹാര്‍ നിയമസഭയിലെ 41 മണ്ഡലങ്ങളിലെ ലീഡ് 1000 വോട്ടുകളില്‍ താഴെ മാത്രമാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. നാലിലൊന്ന് മണ്ഡലങ്ങളിലേയും വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമാണ്. ഇവിടെ ലീഡുകള്‍ ഏത് നിമിഷവും മാറിമറിയാം.

നിലവില്‍ സംസ്ഥാനത്ത് ലീഡ് നിലനിര്‍ത്തുന്നത് എന്‍.ഡി.എ ആണെങ്കില്‍ പോലും ബീഹാറില്‍ എന്‍.ഡി.എയ്ക്ക് അധികാരമുറപ്പിക്കാനുള്ള സമയം ആയിട്ടില്ലെന്നും ഏത് നിമിഷവും ലീഡുകളില്‍ വ്യത്യാസം വന്നേക്കാമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചില മണ്ഡലങ്ങളില്‍ 25 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്. അര്‍ധരാത്രിയോടെ മാത്രമേ പലയിടങ്ങളിലും വോട്ടെണ്ണല്‍ അവസാനിക്കുകയുള്ളൂ. അന്തിമ ഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്.

നിലവില്‍ 72 സീറ്റില്‍ ബി.ജെ.പിയും 65 സീറ്റില്‍ ആര്‍.ജെ.ഡിയും മുന്നിട്ടു നില്‍ക്കുന്നുണ്ട്. 7 സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഉള്ളത്. ഇതൊരു വലിയ വ്യത്യാസമല്ലെന്നും കാര്യങ്ങള്‍ ഏത് നിമിഷവും മാറി മറയുമെന്നുമാണ് പാര്‍ട്ടി നേതാക്കളും സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് 49 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ജെ.ഡി.യു ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസാകട്ടെ 20 സീറ്റുകളിലെ ലീഡില്‍ ഒരുങ്ങിയപ്പോള്‍ 19 സീറ്റുകളില്‍ ഇടതുസഖ്യം മുന്നേറുന്നുണ്ട്. ബി.എസ്.പി 2 സീറ്റിലും എല്‍.ജെ.പി 2 സീറ്റുകളിലുമായി ഇവിടെ ഒതുങ്ങിയിട്ടുണ്ട്.

നിലവില്‍ 135 ന് മുകളില്‍ എന്‍.ഡി.എയ്ക്ക് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ അധികാരം ഉറപ്പിച്ചുവെന്ന് അവര്‍ക്ക് പറയാന്‍ സാധിക്കുയുള്ളൂ. എന്നാല്‍ കഴിഞ്ഞ ഒരു മണിക്കൂറിനിടെ ബി.ജെ.പിയുടെ ലീഡ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ ഈ സമയം ആര്‍.ജെ.ഡി മുന്നിലേക്ക് വരികയും ജെ.ഡി.യു പിറകോട്ട് പോകുന്ന കാഴ്ചയും കാണാനാവുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here