ബിഹാറില്‍ എക്‌സിറ്റ്‌പോളുകളെ തള്ളി എന്‍ഡിഎ മുന്നേറ്റം; കേവലഭൂരിപക്ഷം കടന്നു

0
177

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറയുന്ന ലീഡ് നില സസ്‌പെന്‍സിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും അവസാന ലാപ്പുകളിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എന്‍ഡിഎ ഒപ്പത്തിനൊപ്പം നിന്നു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 122 എന്ന മാന്ത്രിക സംഖ്യക്ക് മുകളില്‍ എന്‍ഡിഎക്ക് ലീഡുണ്ട്. തൊട്ടുപിന്നില്‍ തന്നെയാണ് മഹാസഖ്യവുമുള്ളത്. ഒരു ഘട്ടത്തില്‍ കേവലഭൂരിപക്ഷം മഹാസഖ്യവും കടന്നിരിന്നെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു. ചിരാഗ് പാസ്വാന്റെ എല്‍ജെപി മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രിയും എന്‍ഡിഎ നേതാക്കളില്‍ പ്രബലനുമായ ജിതന്‍ റാം മാഞ്ജി ആര്‍ജെഡിയുടെ തേജ് പ്രതാപ് യാദവ്, ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് എന്നിവര്‍ നിലവില്‍ പിന്നിലാണ്.

കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷ ബാക്കിയാണ്. 

55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here