സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനില്‍ നിന്നുതന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി അന്വേഷണ സംഘം

0
198

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ റൂമിലുണ്ടായതീപിടിത്തതിൽ അട്ടിമറി സാധ്യത തള്ളി പ്രത്യേക അന്വേഷണസംഘം. പ്രോട്ടോക്കോൾ സെക്ഷനിലെ കേടായ ഫാൻ ആരോ അബദ്ധത്തിൽ ഓണാക്കിയതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തതിന് കാരണം എന്നാണ് പൊലീസിൻ്റെ നിഗമനം. 

കേടായ ഫാൻ ഓണായതിന് പിന്നാലെ ഫാനിലെ വയറിംഗിൽ താപനില  ഉയർന്ന് ട്രിപ്പുണ്ടായി തീപ്പൊരി ഫയലുകളിലേക്കും കർട്ടനുകളിലേക്കും പടർന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. ഇതു വ്യക്തമാക്കുന്ന രീതിയിൽ ഒരു ഗ്രാഫിക്സ് വീഡിയോയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഈ ഗ്രാഫിക്സ് വീഡിയോയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

രണ്ട് മദ്യക്കുപ്പികൾ തീപിടുത്തമുണ്ടായ മുറിക്ക് സമീപത്ത് നിന്നും കണ്ടെത്തിയതിലും ദുരൂഹതയില്ലെന്നും തീപിടിത്തമുണ്ടായ മുറിക്ക് അകലെ നിന്നുള്ള ക്യാബിനിൽ നിന്നുമാണ് രണ്ട് മദ്യക്കുപ്പികൾ പൊലീസ് കണ്ടെത്തിയതെന്നും ഇതു സൂക്ഷിച്ച ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. 

തീപിടിത്തതിന് കാരണമായേക്കാവുന്ന എന്തെങ്കിലും ഇന്ധനങ്ങളുടേയും മറ്റു തരത്തിലുള്ള രാസവസ്തുകളുടേയോ സാന്നിധ്യം തീപിടുത്തമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമുള്ള അഗ്നിബാധയാണ് ഉണ്ടായത് എന്ന നിഗമനമാണ് ഫോറൻസിക് വിദഗ്ദ്ദരും മുന്നോട്ട് വയ്ക്കുന്നത്. 

ഇലക്ട്രിക്കൽ എക്സ്പേർട്ടുകളും ഫയർഫോഴ്സും ഫോറൻസിക് വിഭാഗവും പരിശോധന നടത്തുകയും ചർച്ച ചെയ്യുകയും ചെയ്ത ശേഷമാണ് ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന നിഗമനത്തിൽ എത്തി ചേർന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. 

തീപിടിച്ച ഫാനും വയറുകളും ദേശീയ ഫൊറൻസിക് ലാബിൽ പരിശോധനക്ക് അയക്കുമെന്നും ഷോർട്ട് സർക്യൂട്ട് വിലയിരുത്താനുളള ശാസ്ത്രീയ സംവിധാനങ്ങൾ എഫ്എസ്എൽ ലാബിൽ ഇല്ലെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യപ്പെട്ട എല്ലാ ഫയലുകളും സുരക്ഷിതമാണ്. തീപിടിത്തതിനെ പിന്നാലെ സെക്രട്ടേറിയേറ്റിലെ 4830 ഫയലുകളും 3000 ഫോൺ വിളികളും പരിശോധിച്ചുവെന്നും എന്നാൽ അസാധാരണമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും പൊലീസ് കൂട്ടിച്ചേ‍ർക്കുന്നു. 

സെക്രട്ടേറിയറ്റിലെ തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ടിലെന്നും ഷോർട്ട് സർക്യൂട്ടുണ്ടായതായി തെളിയിക്കുന്ന ഒന്നിനും തെളിവ് ലഭിച്ചില്ലെന്നും നേരത്തെ ഫോറൻസിക് വിഭാഗം പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ നിഗമനമാണ് പൊലീസ് തള്ളിക്കളയുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here