കാസർകോട് ∙ ബദിയടുക്ക, വെസ്റ്റ്എളേരി പഞ്ചായത്തുകളിൽ പട്ടിക വിഭാഗക്കാരായ സ്ത്രീകൾ അടക്കം ജില്ലയിലെ 19 പഞ്ചായത്തുകളിലെ ഭരണ ചക്രം തിരിക്കാനെത്തുന്നത് വനിതകൾ. ഇതിനു പുറമേ ജില്ലാ പഞ്ചായത്ത്, 3 ബ്ലോക്ക് പഞ്ചായത്തുകൾ, 2 നഗരസഭകളിലെയും അധ്യക്ഷ കസേരയിൽ ഇരിക്കാൻ എത്തുന്നത് രാഷ്ട്രീയ പോരാട്ടത്തിൽ പയറ്റിത്തെളിഞ്ഞ സ്ത്രീകളാണ്. കഴിഞ്ഞ ദിവസമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ് സംവരണം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം വിവിധ പാർട്ടികളിൽ തുടങ്ങി.
വെസ്റ്റ് എളേരി, ബദിയടുക്ക പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം നിലവിൽ ജനറൽ വിഭാഗത്തിനാണ്. എന്നാൽ പുതിയ സംവരണത്തോടെ ബദിയടുക്കയിൽ പട്ടികജാതിക്കാരായ സ്ത്രീയും വെസ്റ്റ് ഏളേരിയിൽ പട്ടികവർഗക്കാരിയായ സ്ത്രീയുമാണ്. വനിതകൾ പ്രസിഡന്റായിരുന്ന കുറ്റിക്കോലിൽ പട്ടികവർഗവും പൈവളിഗെയിൽ പട്ടികജാതിയുമാണ് പുതിയ പ്രസിഡന്റ് സംവരണം.
മുളിയാർ, ദേലംപാടി, ബേഡഡുക്ക, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി,കുമ്പള, മൊഗ്രാൽപുത്തുർ, ചെമ്മനാട്, ഉദുമ, അജാനൂർ,മടിക്കൈ, കോടോംബേളൂർ, പനത്തടി, ചെറുവത്തൂർ, പിലിക്കോട് എന്നി പഞ്ചായത്തുകളിൽ ഭരണ നേതൃത്വവും ഇനി സ്ത്രീകൾക്കാണ്. കാഞ്ഞങ്ങാട്,നീലേശ്വരം എന്നീ നഗരസഭകളിലും മഞ്ചേശ്വരം, കാസർകോട്, പരപ്പ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും തലപ്പത്ത് ഇനി സ്ത്രീകൾ തന്നെ.