ഉപ്പള റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌സ്യൽ ക്ലർക്കിനെ ഒഴിവാക്കി ഹാൾട്ട് ഏജന്റിനെ നിയമിക്കാനുമുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം

0
262

ഉപ്പള: (www.mediavisionnews.in) റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌സ്യൽ ക്ലർക്കിനെ ഒഴിവാക്കാനും പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാനുമുള്ള റെയിൽവേയുടെ നീക്കത്തിനെതിരേ പ്രതിഷേധം. മുൻ വർഷങ്ങളിലും ഇത്തരം നടപടിയുമായി റെയിൽവേ രംഗത്തുവന്നിരുന്നു. എന്നാൽ, നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് പ്രതിഷേധം ശക്തമാക്കുകയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി., മുൻ എം.പി. പി.കരുണാകരൻ, റെയിൽവേ ബോർഡിലെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി.) ചെയർമാൻ പി.കെ.കൃഷ്ണദാസ് എന്നിവരുടെ ഇടപെടലുകളും മൂലം നീക്കത്തിൽനിന്ന് അധികൃതർ പിന്നോട്ടുപോയി.

ചെറിയൊരു ഇടവേളക്കുശേഷം പഴയ നടപടിയുമായി റെയിൽവേ മുന്നോട്ടുപോവുകയാണെന്നാണ് പരാതി. ഇതിനായി റെയിൽവേ ഹാൾട്ട് ഏജന്റിന് വേണ്ടിയുള്ള ടെൻഡർ പുറപ്പെടുവിച്ചു. 2018-ൽ ഐ.ബി.എസ്. പ്രവൃത്തി തുടങ്ങുന്ന വേളയിലും ഉപ്പളയിലേക്ക് ഹാൾട്ട് ഏജന്റിനെ നിയമിക്കാനായി റെയിൽവേ ശ്രമംനടത്തിയിരുന്നു. അന്നും ഹാൾട്ട് ഏജന്റിന് വേണ്ടിയുള്ള ടെൻഡർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ ഡി.ആർ.എമ്മിനെ നേരിട്ട് കണ്ട് ചർച്ചനടത്തിയതിനെ തുടർന്ന് ടെൻഡർ നടപടികൾ പിൻവലിക്കുകയായിരുന്നു. കൊമേഴ്‌ഷ്യൽ ക്ളർക്കിനെ നിലനിർത്തണമെന്നും റിസർവേഷൻ സൗകര്യം ആരംഭിക്കണമെന്നും കർമസമിതി ആവശ്യപ്പെട്ടു. ഇത് റെയിൽവെ അംഗീകരിച്ചു.

2019 മാർച്ച്‌ 8 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ റിസർവേഷൻ സൗകര്യം ആരംഭിക്കുകയുംചെയ്തിരുന്നു. എന്നാൽ മാർച്ച്‌ 22-ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും കൗണ്ടർ വഴിയുള്ള ടിക്കറ്റ് വിതരണം നിലക്കുകയുംചെയ്തു. ഇതിനിടയിലാണ് ഉപ്പളയിൽനിന്ന് കൊമേഴ്ഷ്യൽ ക്ളർക്കിനെ ഒഴിവാക്കാനും പകരം ഹാൾട്ട് ഏജന്റിനെ നിയമിക്കാനും ശ്രമം നടക്കുന്നത്. അങ്ങിനെ വന്നാൽ റിസർവേഷൻ സൗകര്യവും നിർത്തലാകുമെന്നാണ് കർമസമിതി പറയുന്നത്.

സാധാരണ റെയിൽവേയിൽ പുതിയ സ്റ്റോപ്പുകളൊ മറ്റ് സൗകര്യങ്ങളോ നൽകുമ്പോൾ ആദ്യ ആറുമാസം പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത് അതിന്റെ കണക്കുകൾ നോക്കിയാണ് തുടർനടപടി എടുക്കാറുള്ളത്. എന്നാൽ ഉപ്പളയുടെ കാര്യത്തിൽ അതുണ്ടായില്ലെന്നും കർമസമിതിക്കാർ പറയുന്നു.

നേരത്തെ ഉപ്പളയെ ഐ.ബി.എസ്. ആക്കി മാറ്റുമ്പോൾ ഉപ്പളയിലെ നിലവിലെ സൗകര്യങ്ങളൊന്നും ഒഴിവാക്കില്ലെന്നും തൽസ്ഥിതി തുടരുമെന്നും സതേൺ റെയിൽവേ ജനറൽ മാനേജർ സമരസമിതിക്കും റെയിൽവേ പി.എ.സി. ചെയർമാനും ഉറപ്പ് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചാണിപ്പോൾ പുതിയ നീക്കവുമായി അധികൃതർ രംഗത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കാനാണ് തീരുമാനമെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here