അടഞ്ഞു കിടന്ന വീട്, പരിസരം വളഞ്ഞ് തോക്കുധാരികളായ 15 സി.ആർ.പി.എഫ് ജവാൻമാർ, ഒടുവിൽ താക്കോലുമായി ബിനീഷിന്റെ ഭാര്യ എത്തി

0
225

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ കസ്‌റ്റഡിയിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നു. രാവിലെ ഒമ്ബത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥര്‍ മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള ‘കോടിയേരി’ എന്ന വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവര്‍ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.

15 സി ആര്‍ പി എഫ് ജവാന്‍മാരുടെ സുരക്ഷയിലാണ് ഇ.ഡിയുടെ പരിശോധന. കര്‍ണാടക പൊലീസും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.

നിലവില്‍ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഈ വീട്ടിലില്ല. മയക്കുമരുന്ന് കേസില്‍ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു.

5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതല്‍ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ രേഖകള്‍ ബാങ്കുകളില്‍ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നിപ്പോള്‍ ‘കോടിയേരി’ക്ക് പുറമെ, ബിനീഷുമായി ബന്ധമുള്ള ആറ് സ്ഥാപനങ്ങളില്‍ ഒരേസമയം റെയ‌്ഡ് നടക്കുന്നുമുണ്ട്.

ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുക എന്നതാണ് പ്രധാനമായും ഇ.ഡി. റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്. ബിനീഷിനെ ചോദ്യം ചെയ്തതില്‍ വലിയ രീതിയിലുള്ള പണം ബിനീഷിന്റെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെയൊന്നും ഉറവിടം വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടുമില്ല. മാത്രമല്ല, ആദായ നികുതി അടച്ചതിലും വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here