ഉപ്പള (www.mediavisionnews.in) : ഒരു മാസത്തിനിടെ ഉപ്പളയിൽ ഗുണ്ടാസംഘങ്ങൾ േതാക്കും കഠാരയുമായി ഏറ്റുമുട്ടിയത് 2 തവണ. ഉപ്പള കൈകമ്പയിൽ ഒക്ടോബർ 11 ന് വൈകിട്ട് കാറിലെത്തിയ സംഘം മറ്റൊരു കാറിനെ തടഞ്ഞ് വെടിയുതിർത്തും കഠാരവീശിയും സംഘർഷം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ ആരെയും ഇതു വരെ പിടികൂടാതിരിക്കുമ്പോഴാണ് 31 ന് വീണ്ടും ബന്തിയോട് അടുക്കയിൽ കാറിലെത്തിയ സംഘം വീട്ടു മുറ്റത്ത് നിർത്തിയിരുന്ന കാറിന് നേരെ വെടിയുതിർക്കുകയും കഠാര ഉപയോഗിച്ച് കാർ തകർക്കുകയും ചെയ്തത്. ഇതിനു പ്രതികാരമായി ടിപ്പർ ലോറിയിൽ മറ്റൊരു സംഘം അക്രമിസംഘത്തെ നേരിടാനെത്തി. ഏറ്റുമുട്ടലിനിടെ വൈദ്യൂത പോസ്റ്റിലിടിച്ച് കാർ തകരുകയും ചെയ്തിരുന്നു. ഇതിൽ ഒരാളെ കുമ്പള പൊലീസ് പിടികൂടി.
തീരാത്ത ഗുണ്ടാ വിളയാട്ടം
വർഷങ്ങളായി മഞ്ചേശ്വരം,കുമ്പള പൊലീസ് പരിധിയിൽ ഗുണ്ടാസംഘങ്ങൾ വിലസുകയാണ്. ഉൾപ്രദേശങ്ങളിലും വെടിയുതിർത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും പൊലീസിൽ പരാതി ഇല്ലാത്തതിനാൽ പലതും പുറത്തറിയാതെ പോകുന്നു. കർണാടകയിൽ നിന്നുപോലും ചെറുപ്പക്കാർ ഉപ്പളയിൽ എത്തി ഗുണ്ടാസംഘങ്ങളിൽ പ്രവർത്തിക്കുന്നു. ഗുണ്ടാ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളുമേറെ. 4 വർഷം മുൻപ് മണ്ണംകുഴിയിലെ മുത്തലിബിനെ രാത്രി വീടിനടുത്തുള്ള റോഡിൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
പ്രതികളിൽ ഒരാളായ കാലിയ റഫീക് ഒരു വർഷത്തിനിടെ മംഗളുരു ദേശീയ പാതയിലെ ബിരിയിൽ വെടിയേറ്റു മരിച്ചു. പൈവളിഗെയിലെ ബാളിഗെ അസീസിനെയും കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയിരുന്നു. ബാളിഗെയുടെ കുട്ടാളി ആസിഫും കർണാടക അതിർത്തിയായ കന്യാനയിൽ കൊല്ലപ്പെട്ടു. ബന്തിയോട് കയ്യാർ മണ്ടേ കാപ്പിൽ വ്യാപാരി രാമകൃഷ്ണനെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘം കടയിൽ കയറിയാണ്.
ലഹരി വിൽപനയും ലൈസൻസില്ലാത്ത തോക്കും
ഉപ്പളയിലും പരിസരങ്ങളിലും കഞ്ചാവ്, ബ്രൗൺഷുഗർ കച്ചവടവും വ്യാപകമാണ്. മൊത്തമായി കഞ്ചാവ് എത്തിച്ച് ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്കു കടത്തുന്ന സംഘം പ്രവർത്തിക്കുന്നു. മണൽ കടത്തും വ്യാപകമാണ്. ഇതിന് ഒത്താശയും പിന്തുണയും നൽകുന്നതു ഗുണ്ടാസംഘങ്ങളും.
ചാരായ വിൽപനയും ഇഷ്ടം പോലെ. മിക്ക ചെറു ഗുണ്ടാസംഘങ്ങളും ലൈസൻസ് ഇല്ലാത്ത തോക്കുകളുമായാണ് വിലസുന്നത്. ഇവർക്ക് തോക്കു ലഭിക്കുന്നതിന്റെ ഉറവിടം പൊലീസിന് കണ്ടെത്താനാകുന്നില്ല. നേരത്തേ ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുമ്പോൾ കുടക്, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കു കടന്ന് മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്താറാണ് പതിവ്. ഇപ്പോൾ ഉപ്പളയിൽ തന്നെ സ്ഥിരമായി നിന്ന് ഗുണ്ടാവിളയാട്ടം നടത്തി വരുന്നത് ജനങ്ങൾക്ക് കൂടുതൽ ഭീഷണിയാവുകയാണ്.
ഉപ്പള പൊലീസ് സ്റ്റേഷൻ വൈകുന്നു; ഡിവൈഎസ്പി ഓഫിസുമില്ല
ഉപ്പളയിൽ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളായി പരിഹാരമില്ല. ഇതുവഴി ഗുണ്ടാ– മാഫിയ സംഘത്തിന് അഴിഞ്ഞാടാൻ അവസരവും ലഭിക്കുന്നു. മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകളുടെ പരിധിയിലാണ് മംഗൽപ്പാടി, പൈവളിഗെ പഞ്ചായത്തുകൾ. ജില്ലയിൽ കുടുതൽ ഗുണ്ട മാഫിയകളുടെ കേന്ദ്രവും ഇവിടം തന്നെ. രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഈ പഞ്ചായത്തുകളുടെ പരിധിയിലേക്ക് പൊലീസ് ആവശ്യത്തിന് എത്തണമെങ്കിൽ എട്ട് കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കണം.
ഇത് ഗുണ്ടാ മാഫിയ സംഘങ്ങൾക്ക് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്നു പോലും എത്തി തിരിച്ച് പോകാനുള്ള സമയം ലഭിക്കുന്നു.മഞ്ചേശ്വരം താലൂക്ക് പ്രവർത്തനം തുടങ്ങി 5 വർഷം കഴിഞ്ഞിട്ടും താലൂക്ക് പരിധിയിൽ പൊലീസ് സബ്ഡിവിഷൻ അനുവദിച്ചിട്ടില്ല. മഞ്ചേശ്വരം കുമ്പള പൊലീസ് സ്റ്റേഷൻ ഉൾപ്പെടുത്തി ഡിവൈഎസ്പി ഓഫിസ് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ക്വട്ടേഷൻ സംഘങ്ങളും
ക്വട്ടേഷൻ സംഘങ്ങളും ഇവിടെ കുറവല്ല. ഒരു വർഷം മുൻപ് മദ്രസയിലേക്ക് സഹോദരിയുമായി പോകുന്നതിനിടെ മഞ്ചേശ്വരം കടമ്പാറിൽ 15 കാരനെ തട്ടികൊണ്ടു പോയി വിലപേശി 2 ദിവസം കഴിഞ്ഞ് മംഗളുരിൽ ഉപേക്ഷിച്ചിരുന്നു.10 മാസം മുൻപ് ഉപ്പളയിൽ മംഗൽപ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റിനെ ക്വട്ടേഷൻ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. ഇതിൽ 4 പേരെ ഒൻപത് മാസം കഴിഞ്ഞ് അറസ്റ്റ് ചെയ്തു. ഒരാൾ കോവിഡ് നിരീക്ഷണത്തിൽ കേന്ദ്രത്തിൽ നിന്നു ചാടി രക്ഷപ്പെട്ട് ഒരു മാസമായിട്ടും പിടികൂടിയില്ല.
വർധിച്ചു വരുന്ന അക്രമങ്ങൾക്കും, ഗുണ്ടാ വിളയാട്ടത്തിനും കാരണം ഇവിടത്തെ ലഹരി വിപണിയും ഉപഭോഗവുമാണ്. അതിന് തടയിടേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. പൊലീസ് മേധാവികൾ പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവർത്തിച്ചാൽ ഇത്തരം ദുഷ്പ്രവർത്തനങ്ങൾക്ക് കുറച്ചെങ്കിലും അറുതി വരും. ഹമീദ് കോസ്മോസ്,ഉപ്പള, മഞ്ചേശ്വരം താലൂക്ക് സെക്രട്ടറി, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ,
മഞ്ചേശ്വരം,കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന ഗുണ്ടാ മാഫിയ, കഞ്ചാവ് സംഘങ്ങളെ ഇല്ലാതാക്കാൻ പൊലീസ് ഉന്നതാധികാരികൾ തയാറാകണം. ജനങ്ങൾക്കിടയിൽ ബോധവൽക്കരണവും നടത്തണം. ഹർഷാദ് വൊർക്കാടി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ
മുംബൈയിലും അയൽ സംസ്ഥാനത്തുമൊക്കെ കേട്ടുകേൾവിയായിരുന്ന ഇത്തരം അനിഷ്ട സംഭവങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ നിത്യ സംഭവമായിരിക്കയാണ്. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ചിന്തകൾ മറന്ന് എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സന്ദർഭമാണിത്. അക്രമങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. സി. സത്യൻ, ഉപ്പള പ്രസിഡന്റ്, മംഗൽപാടി മണ്ഡലം കോൺഗ്രസ്