തിരുവനന്തപുരം: ബെംഗലൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് വിവരം.
തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങൾ പലതാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടുള്ള വിവരം. ഇതു സംബന്ധിച്ചെല്ലാം പരിശോധന നടത്തും. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. ഈ വീട്ടിലും പരിശോധന നടത്തുമെന്നാണ് അറിവ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും തീമസിച്ചിരുന്നത്. അടുത്തിടെ വരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. പിന്നീട് കോടിയേരി എകെജി സെന്ററിന് സമീപം പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു.
ഇഡി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചന ലഭിച്ചതോടെ വീടിനുമുന്നിൽ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബിനീഷ് അറസ്റ്റിലായ ശേഷം കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് മാറിയിരുന്നു. സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ മാത്രമാണ് വീട്ടിൽ ഉള്ളത്.