ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ ഉണ്ടാകുമോ? ടീം പ്രഖ്യാപിച്ചതു മുതൽ ആരാധകരും വിമർശകരും ചോദിക്കുന്ന കാര്യമാണ്. എന്നാൽ ബിസിസിഐ ഇതിന് വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടുമില്ല. പരിക്കുമൂലമാണ് രോഹിതിനെ ടീമിൽ ഉൾപ്പെടുത്താതിരുന്ന് എന്നാണ് ബിസിസിഐ നൽകുന്ന വിശദീകരണം.
എന്നാൽ, നെറ്റ്സിൽ പരിശീലനം നടത്തുന്ന രോഹിതിന്റെ ചിത്രങ്ങളും വീഡിയോയും മുംബൈ ഇന്ത്യൻസ് നിരന്തരം സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതാണ് ആരാധകരെ കുഴപ്പത്തിലാക്കുന്നത്. പരിക്കും ഫിറ്റ്നസുമാണ് പ്രശ്നമെങ്കിൽ രോഹിത് സ്ഥിരമായി പരിശീലനത്തിന് എത്തുമോ എന്ന് ആരാധകർ ചോദിക്കുന്നു.
ഇതിനെല്ലാമുള്ള മറുപടിയാണ് സൗരവ് ഗാംഗുലി ഇന്ന് നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
ഫിറ്റ്നസ് തെളിയിച്ചാൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം സെലക്ടർമാർ പരിഗണിക്കുമെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിന് പൂർണമായും ആരോഗ്യവാനായ രോഹിത്തിനേയാണ് ആവശ്യം. ഫിറ്റാണെന്ന് അദ്ദേഹം തെളിയിച്ചാൽ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം സെലക്ടർമാർ പരിഗണിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ഗാംഗിലി പറയുന്നു.
കഴിഞ്ഞ മാസം അവസാനം കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനിടയ്ക്കാണ് രോഹിത്തിന് പരിക്ക് പറ്റിയത്. ഇതിന് ശേഷം അദ്ദേഹം മത്സരത്തിന് ഇറങ്ങിയിട്ടില്ല. രോഹിത്തിന്റെ അഭാവത്തിൽ കീറോൺ പൊള്ളാർഡാണ് മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്.
രോഹിത് ശർമയെ കൂടാതെ, ഇഷാന്ത് ശർമയേയും പരിക്ക് മൂലം ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്ക് ഭേദമായി ഫിറ്റ്നസ് തെളിയിച്ചാൽ രണ്ട് പേരേയും ഓസ്ട്രേലിയൻ പര്യടനത്തിന് ഉൾപ്പെടുത്തുമെന്ന് ഗാംഗുലി വ്യക്തമാക്കുന്നു.
പരിക്ക് ഭേദമായാൽ, മറ്റ് ടീമംഗങ്ങൾ പുറപ്പെട്ടതിന് ശേഷവും ഇരുവരേയും ഓസ്ട്രേലിയയ്ക്ക് അയക്കാവുന്നതേയുള്ളൂവെന്നും ഗാംഗുലി.
നവംബർ 27 ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ, നാല് ടെസ്റ്റുകളും മൂന്ന് വീതം ട്വന്റി-20, ഏകദിന മത്സരങ്ങളുമാണുള്ളത്.