രജനീകാന്ത് ബി.ജെ.പിയിലേക്ക്?; വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച

0
253

ചെന്നൈ: ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയെ കണ്ടതിന് ശേഷമാണ് രജനീകാന്ത് ബി.ജെ.പിയിലേക്കോ എന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നത്.

ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ഇത് രജനീകാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഇരുവരുടെയും കൂടിക്കാഴ്ച ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രജനീകാന്തിന് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും ബി.ജെ.പിയിലേക്കെത്തുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.

കൊവിഡ് കാലമായതിനാല്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അതിനാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നുമായിരുന്നു നേരത്തെ രജനീകാന്ത് പറഞ്ഞിരുന്നത്.

എന്നിരുന്നാലും രാഷ്ട്രീയത്തിലേക്കിറങ്ങണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രജിനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി ചര്‍ച്ചചെയ്യുമെന്നും താരം പറഞ്ഞിരുന്നു.

ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന പ്രചരണത്തെതുടര്‍ന്ന് ആരാധകര്‍ രജനിയെ കാണാന്‍ പോയസ് ഗാര്‍ഡനിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു. എന്നാല്‍ അവരെ കാണാനോ അഭിവാദ്യം ചെയ്യാനോ രജനി തയ്യാറായിരുന്നില്ല.

അതേസമയം രജനിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാനത്ത് പലയിടങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here