ബന്തിയോട് ഷിറിയയില്‍ പൊലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഉന്തും തള്ളും; 26 പേര്‍ക്കെതിരെ കേസ്

0
415

ബന്തിയോട്: ഷിറിയയില്‍ അനധികൃത മണല്‍ക്കടത്ത് വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഗേറ്റ് സ്ഥാപിച്ച് റോഡ് അടച്ചിടാന്‍ ശ്രമം. പ്രദേശത്ത് പൊലീസും ഒരു സംഘവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ 26 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 7മണിയോടെ ഷിറിയ ബത്തേരിയിലാണ് സംഭവം. അനധികൃതമായി വാഹനങ്ങളില്‍ മണല്‍ കടത്തിക്കൊണ്ട് പോകുന്നത് വ്യാപകമായതോടെയാണ് ചിലര്‍ രാത്രി കാലങ്ങളില്‍ ഷിറിയ ബത്തേരി റോഡ് ഗേറ്റ് വെച്ച് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനായി റോഡിന്റെ ഇരുഭാഗത്തും കുഴിയെടുക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് റോഡ് അടച്ചിട്ടതിനെതിരെ ഒരു സംഘം എതിര്‍പ്പുമായി രംഗത്തെത്തി. രാത്രികാലങ്ങളില്‍ റോഡ് അടച്ചിട്ടാല്‍ മറ്റു വാഹനങ്ങള്‍ കടന്നുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇവര്‍ പറഞ്ഞതോടെ ഇരുസംഘങ്ങളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. റോഡ് അടച്ചിടാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതോടെ ചിലര്‍ പൊലീസിന് നേരെ തിരിഞ്ഞു. ഇതിനിടയിലാണ് ഉന്തുംതള്ളുമുണ്ടായത്. സംഭവത്തില്‍ ഷിറിയയിലെ ഇഖ്ബാല്‍, സാദിഖ്, ആസിഫ്, അര്‍ഫാത്ത്, എ.കെ. മുഹമ്മദ്, മുബാന്‍ തുടങ്ങിയ 26 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്. രാത്രി കാലങ്ങളില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നതായും പറയുന്നു.

മണല്‍ കടത്തിനെ ചൊല്ലി ഒരു വര്‍ഷം മുമ്പ് ഒരു യുവാവിനെ വീട്ടില്‍ കയറി അക്രമിക്കുകയും മുട്ടം ഗ്യാരേജില്‍ ഒരു ടെമ്പോ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമുണ്ടായി. ഷിറിയ തീരദേശ പൊലീസ് സ്റ്റേഷന് മൂക്കിന് താഴെയാണ് അനധികൃത മണല്‍ക്കടത്തെന്ന് നാട്ടുകാര്‍ പറയുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണല്‍ക്കടത്തെന്നും ആരോപണമുണ്ട്. ബത്തേരിയില്‍ അനധികൃത കടവ് പ്രവര്‍ത്തിക്കുന്ന വിവരം പൊലീസ് അറിഞ്ഞിട്ടും ഇവിടെ പരിശോധന നടത്തുന്നില്ലെന്നാണ് പരാതി. പൊലീസ് നടപടി ഉണ്ടായില്ലെങ്കില്‍ മണല്‍ കടത്ത് ലോറികള്‍ തടയുമെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here