മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ന്യൂസീലൻഡിനായി കളിക്കാൻ ക്ഷണിച്ച് മുൻ താരം സ്കോട്ട് സ്റ്റൈറിസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്റ്റൈറിസ് സൂര്യയെ ന്യൂസീലൻഡ് ടീമിലേക്ക് ക്ഷണിച്ചത്. പാതി തമാശയായും പാതി കാര്യവുമായാണ് സ്റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകർ ഇത് ഏറ്റെടുത്തു കഴിഞ്ഞു.
മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.
ഓസ്ട്രേലിയക്കെതിരായ ടി-20 ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ മനോജ് തിവാരി, ഹർഭജൻ സിംഗ്, ഇന്ത്യൻ ക്യാപ്റ്റനും മുൻ മുഖ്യ സെലക്ടറുമായ ദിലീപ് വെങ്സാർക്കർ തുടങ്ങിയവരൊക്കെ സെലക്ടർമാരെ വിമർശിച്ച് രംഗത്തെത്തി. യാദവിനെ തഴഞ്ഞത് എന്തിനെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി സെലക്ടർമാരോട് വിശദീകരണം തേടണമെന്ന് വെങ്സാർക്കർ പറഞ്ഞു.