ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പട്ടേല്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സെപ്തംബറില്‍ പട്ടേലിന് കോവിഡ‍് ബാധിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
1995 ലും 1998-2001 കാലഘട്ടത്തിലുമാണ് പട്ടേല്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2001ല്‍ പാര്‍ട്ടിയിലെ അധികാരമത്സരത്തില്‍ കേശുഭായ് പട്ടേലിനെ വീഴ്ത്തിയാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇടക്കാലത്ത് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്ന കേശുഭായ് പട്ടേല്‍ പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു.
മോദിയുമായുള്ള അഭിപ്രായ ഭിന്നത മൂലം 2012ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിശാവദർ മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014ൽ രാജി വച്ചു. 1977 മുതൽ 1980 വരെ ലോക് സഭാംഗമായിരുന്നു. 1928ൽ ജുനഗഡിലെ വിശാവദറിൽ ജനിച്ച കേശുഭായ് പട്ടേൽ 1945ലാണ് ആർഎസ്എസ്സിൽ ചേർന്നത്.