യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിനെതിരേ ആഞ്ഞടിച്ച് വിവിധ മുസ്ലീം സംഘടനകള്‍

0
405

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുളള യു.ഡി.എഫ്. ബന്ധത്തിനെതിരേ ഒന്നിച്ച് അണിനിരക്കാൻ ഒരുങ്ങി വിവിധ മുസ്ലീം യുവജന സംഘടനകൾ. സമസ്ത, മുജാഹീദ് സംഘടനകളാണ് മതവാദത്തിനും തീവ്രവാദത്തിനുമെതിരേ കൈകോർക്കാൻ സംഘടിക്കുന്നത്. വെൽഫെയർ പാർട്ടി ബന്ധം മതേതരത്വത്തെ തകർക്കും.

മതേതര സഖ്യത്തെ ദുർബലമാക്കുന്ന മതരാഷ്ട്രവാദികളോടും മതതീവ്രവാദികളോടും രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് മുസ്ലീം യുവജനസംഘടനകൾ മുന്നറിയിപ്പ് നൽകി. വെറും അമ്പതിനായിരം വോട്ടാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്തുളള മൂലധനം. അമ്പതിനായിരം വോട്ടിന് വേണ്ടി അമ്പതുലക്ഷം വോട്ടുകളെ ബലികഴിക്കണോ എന്ന് യു.ഡി.എഫ്. തീരുമാനിക്കണം. വെൽഫെയർ പാർട്ടി ഏത് ഏത് മുഖം മൂടി സ്വീകരിച്ചാലും അത് ആത്യന്തികമായി മൗദൂദിസം തന്നെയാണ്. ആദ്യം മൗദൂദിസത്തെ തളളിപ്പറയാൻ വെൽഫെയർ പാർട്ടി തയ്യാറാകട്ടെയെന്നും സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി ആവശ്യപ്പെട്ടു. നിലപാടിനെ മാതൃസംഘടനകൾ പിന്തുണയ്ക്കുന്നുവെന്നും യുവജനസംഘടനകളെ പ്രതിനിധീകരിച്ച് അബൂബക്കർ ഫൈസി പറഞ്ഞു.

ഫാസിസകാലത്ത് നിലനിൽക്കുന്ന ഇസ്ലാമോഫോബിയയെ കൃത്യമായി ഒരു തിരഞ്ഞെടുപ്പിന് മുമ്പ് കോടിയേരി ഉപയോഗപ്പെടുത്തുകയാണെന്നും ഇസ്ലാമോഫോബിയ പടർത്തുകയാണെന്നും വെൽഫെയർ പാർട്ടി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണിക്കെതിരേ ആഞ്ഞടിച്ച് യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കുമെന്ന് വെൽഫെയർ പാർട്ടി പ്രസിഡന്റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിറകേയാണ് മതരാഷ്ട്രീയത്തിന് ഒരിഞ്ചുപോലും ഇടം നൽകാനാവില്ലെന്നറിയിച്ച് സമസ്ത-മുജാഹീദ് സംഘടനകൾ രംഗത്തെത്തിയത്.

ജമാഅത്തെ ഇസ്ലാമിയുമായി വെൽഫെയർ പാർട്ടിക്ക് ബന്ധമൊന്നുമില്ലെന്നും അതിനാൽ ജമാഅത്തെക്കെതിരായ പരാമർശങ്ങളെ കുറിച്ച് തങ്ങൾ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമാണ് വെൽഫെയർ പാർട്ടി സ്വീകരിച്ച നിലപാട്. എന്നാൽ വെൽഫെയർ പാർട്ടിയെ പട്ടിൽ പൊതിഞ്ഞ പാഷാണമെന്നാണ് നാസർ ഫൈസി കൂടത്തായി വിമർശിച്ചത്‌.

വിഷയത്തെ ആഹ്ലാദിക്കാനുളള സംഭവമായിട്ടല്ല ഇടതുപക്ഷം കാണുന്നതെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞു. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ. തുടങ്ങിയ പ്രസ്ഥാനങ്ങൾ ഉയർത്തുന്ന ആശയങ്ങൾ അപകടകരമാണ്. മതരാഷ്ട്രം ആഗ്രഹിച്ച്‌ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് ഇവർ.

അവരുമായി പേരിന് മതനിരപേക്ഷത പറയുന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി പരസ്യമായി കൈകൊടുക്കുക എന്നുപറഞ്ഞാൽ അത് അപകടരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ പാപ്പരത്വമാണ് ഇതിലൂടെ വെളിവാകുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി തകർന്നടിഞ്ഞതിനാൽ ആരെങ്കിലുമായി കൈകോർക്കുക എന്ന അവസ്ഥയിലാണ് അവരെന്നും റിയാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here