മൂന്നുവയസ്സുകാരിയെ തട്ടിയെടുത്തതായി പരാതി: 241 കി.മി നിർത്താതെ ഓടി ട്രെയിൻ; ഒടുവിൽ ട്വിസ്റ്റ്

0
419

ലളിത്പുർ∙ ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ എക്സ്പ്രസ് ട്രെയിൻ 241 കിലോമീറ്റർ നിർത്താതെ ഓടി. ലളിത്പുർ സ്റ്റേഷനിൽനിന്ന് പെൺകുട്ടിയും മറ്റൊരാളും ട്രെയിനിൽ കയറിയെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയതോടെയാണ് 241 കിലോമീറ്റർ അകലെയുള്ള ഭോപാലിൽ അല്ലാതെ മറ്റൊരു സ്റ്റേഷനിലും ട്രെയിൻ നിർത്തരുതെന്നു റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) നിർദേശിച്ചത്. എന്നാൽ ഭോപാലിലെത്തി തട്ടിയെടുത്തയാളെ ചോദ്യം ചെയ്തപ്പോഴാണ് ട്വിസ്റ്റ് – കുട്ടിയുടെ പിതാവാണ് ഒപ്പമുണ്ടായിരുന്നത്.

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് മകളുമായി സ്ഥലം വിടുകയായിരുന്നു. ലളിത്പുർ റെയിൽവേ സ്റ്റേഷനു സമീപമാണ് ഇവരുടെ വീട്. ഭർത്താവാണ് കൊണ്ടുപോയതെന്ന് ഭാര്യയ്ക്ക് അറിയാമായിരുന്നെന്നും എന്നാൽ മകളെ തട്ടിക്കൊണ്ടുപോയെന്നാണ് അവർ പരാതിപ്പെട്ടതെന്നും ലളിത്പുർ എസ്പി ക്യാപ്റ്റൻ എം.എം. ബെഗ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് പിതാവ് കുട്ടിയുമായി വീടുവിട്ടിറങ്ങിയത്. അധികം താമസിയാതെതന്നെ അമ്മ ലളിത്പുർ സ്റ്റേഷനിലെ ആർപിഎഫ് ജവാന്മാരോടു പരാതിപ്പെട്ടു. കുഞ്ഞിനെ തട്ടിയെടുത്തെന്നും തട്ടിക്കൊണ്ടുപോയ ആൾ ഏതോ ട്രെയിനിൽ കയറിയെന്നുമാണ് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ രപ്തി സാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് കുട്ടിയുമായി ഇയാൾ കയറിയതെന്നു വ്യക്തമായി.

ഇതേത്തുടർന്ന് ഝാൻസി ജംഗ്‌ഷനിലെ ഇൻസ്പെക്ടറെ ആർപിഎഫ് വിവരം അറിയിക്കുകയും ഇയാൾ ഭോപാലിലെ കൺട്രോൾ റൂമിൽ വിവരം അറിയിച്ച് മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ ട്രെയിന്‍ ഓടിക്കാൻ നിർദേശിക്കുകയുമായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആൾ രക്ഷപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ഝാൻസിയിലായിരുന്നു ട്രെയിനിന്റെ അടുത്ത സ്റ്റോപ്. കുട്ടിയെയും പിതാവിനെയും ലളിത്പുരിലേക്ക് തിങ്കളാഴ്ച തന്നെ തിരികയെത്തിച്ചു. ഭാര്യയ്ക്കും ഭർത്താവിനും കൗൺസലിങ് നൽകിയതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here