മുന്നാക്ക സംവരണത്തിൽ എൽഡിഎഫിന് കുരുക്ക്: സർക്കാർ നടത്തിയത് വൻചതിയെന്ന് കാന്തപുരം വിഭാഗം

0
386

കോഴിക്കോട്: (www.mediavisionnews.in) മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവ്വീസുകളിൽ പത്ത് ശതമാനം സംവരണം അനുവദിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം എപി വിഭാഗം. എപി വിഭാഗം മുസ്ലീങ്ങളുടെ മുഖപത്രമായ സിറാജ് പത്രമാണ് മുന്നോക്ക സംവരണത്തിനെതിരെ രൂക്ഷമായി രംഗത്തു വന്നത്. 

രാഷ്ട്രീയലക്ഷ്യത്തോടെ വൻചതിയാണ് സംവരണത്തിൻ്റെ പേരിൽ സർക്കാർ നടത്തിയതെന്ന് സിറാജ് വിമർശിക്കുന്നു. സംവരണവിഭാഗങ്ങളെ സർക്കാർ അപമാനിക്കുകയാണെന്നും എപി വിഭാഗം മുഖപത്രം ആരോപിക്കുന്നു. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സംസ്ഥാന സർക്കാർ സംവരണം നടപ്പിലാക്കിയതെന്നും, മുന്നാക്ക സംവരണത്തിൽ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങൾക്ക് തന്നെയാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്നും ഇന്നലെ സിറാജിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും ചൂണ്ടിക്കാണിച്ചിരുന്നു. 

ആരുടേയും സംവരണാനുകൂല്യങ്ങൾ എടുത്തല്ല മുന്നാക്ക വിഭാഗത്തിന് സംവരണം നൽകുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നുവെങ്കിലും സംവരണത്തിൽ സാമുദായിക സംഘടനകൾക്കിടയിൽ കാര്യമായ അതൃപ്തിയുണ്ടെന്നത് സർക്കാരിന് തലവേദനയായി മാറും എന്നുറപ്പാണ്. ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുന്ന എപി വിഭാഗം സംവരണ വിഷയത്തിൽ സർക്കാരിനെതിരെ തിരിഞ്ഞത് ഇടതുപക്ഷത്തേയും സർക്കാരിനേയും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. 

നേരത്തെ ദേവസ്വം ബോർഡ് നിയമനങ്ങളിലാണ് സർക്കാർ ആദ്യം മുന്നാക്ക വിഭാഗത്തിന് സംവരണം നൽകിയത്. അന്ന് ഈ നടപടി സർക്കാരിന് പൊതുവിൽ പ്രശംസ നേടിക്കൊടുത്തെങ്കിലും പി.എസ്.സി നിയമനങ്ങൾക്ക് സംവരണം ബാധകമാക്കിയതോടെ ചിത്രം മാറുകയായിരുന്നു. മുന്നാക്ക സംവരണത്തിനെതിരെ ആദ്യം രംഗത്തു വന്നത് എസ്എൻഡിപിയാണെങ്കിലും പിന്നാലെ വിഷയത്തിൽ മുസ്ലീംലീഗ് നേതൃത്വം  വിവിധ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചതോടെ വിഷയം സർക്കാരിനെതിരായ സമുദായിക സംഘടനകളുടെ യോജിച്ചുള്ള സമരവേദിയായി മാറുന്ന അവസ്ഥയാണുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here