വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

0
188

വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത. പെണ്‍കുട്ടികളുടെ വിവാഹം പ്രായം ഉയര്‍ത്തുന്നത് സാംസ്കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവുമെന്ന് സമസ്ത ഏകോപന സമിതിയോഗത്തിന്‍റെ വിലയിരുത്തല്‍. മുന്നാക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യം നിഷേധിക്കുന്നതാവരുതെന്നും സമസ്ത നേതൃത്വം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി യോഗത്തിന് ശേഷമാണ് വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ചും, മുന്നാക്ക സംവരണം സംബന്ധിച്ചുമുള്ള നിലപാട് സമസ്ത വ്യക്തമാക്കിയത്.

അശാസ്ത്രീയമായ മാറ്റമാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തുന്നതോടെ നടപ്പാക്കുന്നത്. കൂടാതെ സാംസ്കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും ഇത് കാരണമാവും. പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും യോഗ ശേഷം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രഗവണ്‍മെന്‍റിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതാവരുതെന്നും സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും സമസ്ത നേതൃത്വം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here