കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗം എൻ.ഡി.എ വിടുന്നു. നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫിൽ ചേക്കേറാൻ നീക്കം സജീവമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ, അന്തിമ നടപടിയായില്ലെന്നും പി.സി തോമസ് പറഞ്ഞു.
വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന യു.ഡി.എഫ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും യു.ഡി.എഫ് നേതൃത്വം തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.സി തോമസിൻറെ യു.ഡി.എഫ് പ്രവേശനം യോഗം ചർച്ച ചെയ്തെന്നാണ് വിവരം.
എൻ.ഡി.എയിൽ നിന്ന് നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് മുന്നണി മാറ്റം. അർഹമായ പരിഗണന പാർട്ടിക്ക് ലഭിച്ചിട്ടില്ല. ഒന്നാം മോദി സര്‍ക്കാരില്‍ പ്രതീക്ഷ വെച്ചു, ഒരു സ്ഥാനവും ലഭിച്ചില്ല. മോദി വീണ്ടും അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ പദവികള്‍ മോഹിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷം. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മടുത്തു. അവഗണന സഹിച്ച് എന്‍ഡിഎയില്‍ തുടരുന്നതിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോജിപ്പില്ല. ബി.ജെ.പി നേതൃത്വത്തിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും തോമസ് പറഞ്ഞു.
സ്വതന്ത്രനായി നിൽക്കുന്ന പി.സി. ജോർജും യു.ഡി.എഫിൻെറ ഭാഗമാകാനുള്ള നീക്കത്തിലാണ്.