കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുകിയനിലയിൽ ആശുപത്രി കക്കൂസിൽ

0
199

മുംബൈ: 14 ദിവസം മുമ്പ് കാണാതായ 27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി കക്കൂസിൽ. ക്ഷയ രോഗ ബാധിതനായ സൂര്യബാൻ യാദവിന്‍റെ മൃതദേഹമാണ് സെവ്്രിയിലെ ടിബി ആശുപത്രിയിലെ കക്കൂസിൽനിന്ന് കണ്ടെടുത്തത്. കഴിഞ്ഞ 4നാണ് ഇയാളെ ആശുപത്രിയിൽനിന്ന് കാണാതായത്.

ആശുപത്രി ബ്ലോക്കിലെ കക്കൂസുകൾ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികൾ ഉപയോഗിക്കുന്നതും ആയിരുന്നിട്ടും 14 ദിവസമായി മൃതദേഹം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നത് ദുരൂഹത ഉയർത്തുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അധികൃതർ ഉത്തരവിടുകയും വാർഡിൽ ജോലി ചെയ്തിരുന്ന 40 ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തു.

മരിച്ചിട്ട് ദിവസങ്ങളോളം കഴിഞ്ഞതിനാൽ ശരീരം അഴുകിയിരുന്നു, ഇതേതുടർന്ന് തുടക്കത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് യാദവിന്‍റേതാണെന്ന് വ്യക്തമായത്.

സെപ്തംബർ 30നാണ് യാദവ് ആശുപത്രിയിലെത്തിയത്. എന്നാൽ അയാൾ കൃത്യമായി അഡ്രസ്സ് നൽകിയിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. ആശുപത്രിയിൽ ആസമയം 11 കോവിഡ് പോസിറ്റീവ് രോഗികളുണ്ടായിരുന്നെന്നും, അവരോടൊപ്പം ഒന്നാം നിലയിലെ വാർഡിലാണ് യാദവിനെ പ്രവേശിപ്പിച്ചത്. എന്നാൽ കക്കൂസിൽ പോയപ്പോൾ ശ്വാസതടസ്സം വന്ന് വീണതാകാമെന്നാണ് ജീവനക്കാർ പറയുന്നത്.

ഞങ്ങൾ ഇയാളെ കാണാതായത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. എന്നാൽ ടിബി രോഗികൾ ആശുപത്രിയിൽ നിന്ന് ഒളിവിൽ പോകുന്നത് സാധാരണയാണ്. പക്ഷേ നിർഭാഗ്യവശാൽ ഒരാളുടെ മരണം സംഭവിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here