ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ ഇനി ദുബായിയിലേക്ക് കടക്കരുത്; ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

0
566

ദുബായ്: സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ ദുബായിയില്‍ ജോലി തേടിയെത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യക്കും പാകിസ്ഥാനും മുന്നറിയിപ്പ്. സന്ദര്‍ശക വിസയെടുത്ത് ജോലി അന്വേഷിച്ചു വന്ന നൂറുകണക്കിന് ആളുകളെ ദുബായിയിലേക്ക് കഴിഞ്ഞ ദിവസം പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്.

എയര്‍ ലൈന്‍സും ട്രാവല്‍ ഏജന്റുമാരുമാണ് ഇക്കാര്യം സംബന്ധിച്ച് അറിയിച്ചത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശക ടൂറിസ്റ്റ് വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കില്ല.

ടൂറിസ്റ്റ്, സന്ദര്‍ശക വിസകളെടുത്ത് നൂറു കണക്കിന് യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളിലെയും തൊഴില്‍ അന്വേഷകരോട് ഈ തരത്തില്‍ ദുബായിയിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ഈ വിസകളില്‍ ഇനി വന്നാല്‍ വന്ന അതേ സ്ഥലത്തേക്ക് തിരിച്ചയക്കും. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ കമ്പനികള്‍ ദുബായിയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

വിസിറ്റിങ്, ടൂറിസ്റ്റ് വിസകളില്‍ ദുബായിയിലേക്ക് വരുന്നവര്‍ മുഴുവന്‍ സാധുവായ ഒരു റിട്ടേണ്‍ ടിക്കറ്റ് കൂടി കൈവശം വക്കണമെന്ന് വിമാന കമ്പനികള്‍ നിര്‍ദേശിക്കുന്നു. മടക്ക ടിക്കറ്റ് ഈ യാത്രക്കാര്‍ക്ക് കുറഞ്ഞത് 2,000 ദിര്‍ഹം ഉണ്ടായിരിക്കണമെന്നും ട്രാവല്‍ ഏജന്റുമാരെ അറിയിച്ചു.

300ഓളം ഇന്ത്യക്കാരാണ് വിമാന താവളത്തില്‍ കുടുങ്ങിക്കിടന്നത്. ഇവരില്‍ 80ഓളം പേര്‍ക്ക് പിന്നീട് പ്രവേശനം അനുവദിച്ചു. 49 പേര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തന്നെയുണ്ട്. അവരെ നാട്ടിലേക്ക് തിരിച്ചയക്കും.

അതേസമയം പാകിസ്ഥാനിലെ 1376 യാത്രക്കാര്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. ഇവരില്‍ 1,276 പേരെ തിരിച്ചയച്ചെന്നും പാകിസ്ഥാന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here