വികസനം: തലപ്പാടി – കാലിക്കടവ് ദേശീയപാതയോരത്ത് കോടാലി കാത്ത് 8400 മരങ്ങൾ

0
317

കാസർകോട്: (www.mediavisionnews.in) ‌‌‌‌‌ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ കോടാലി വീഴാൻ കാത്തിരിക്കുന്നത് 8400 മരങ്ങൾ.‌‌ തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള 96 കിലോമീറ്റർ പാതയുടെ ഇരു വശങ്ങളിലുമുള്ള മരങ്ങളാണ് മുറിച്ചു നീക്കുക. ‌മുറിക്കേണ്ട മരങ്ങളുടെ പട്ടികയും അടിസ്ഥാന വിലയും നിശ്ചയിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം ദേശീയപാത പദ്ധതി ഡയറക്ടർക്കു നൽകി. ലേലം ചെയ്തു വിൽപന നടത്തേണ്ടത് ദേശീയപാത അധികൃതരാണ്. നിർമാണോദ്ഘാടനം കഴിഞ്ഞ സാഹചര്യത്തിൽ മരങ്ങളുടെ ലേലം ഉടൻ നടക്കും.പൊതുസ്ഥലത്ത് നിന്നു മുറിക്കേണ്ട മരങ്ങളുടെ എണ്ണം മാത്രമാണിത്. വ്യക്തികളിൽ നിന്നു ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലും ഒട്ടേറെ മരങ്ങളുണ്ട്. ഇവയുടെ കണക്കെടുപ്പും വില നിർണയവും പുരോഗമിക്കുകയാണ്.‌‌പതിറ്റാണ്ടുകളായി ദേശീയപാതയിലെ യാത്രക്കാർക്ക് തണലേകിയ മരങ്ങളാണ് ഇല്ലാതാകുന്നത്. തേക്ക്, ഈട്ടി തുടങ്ങിയ വില പിടിപ്പുള്ള മരങ്ങൾക്കൊപ്പം പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങളും മുറിക്കേണ്ടവയുടെ പട്ടികയിലുണ്ട്. അക്കേഷ്യ, മഴമരം, ആൽമരം, അരയാൽ, മരുത്, അത്തി, മുള്ളു വേങ്ങ, മഹാഗണി, പൂമരം തുടങ്ങിയവയും ധാരാളമുണ്ട്.

വില രണ്ട് കോടിയിലേറെ

‌മുറിക്കപ്പെടുന്ന മരങ്ങൾക്ക് 2 കോടിയിലേറെ രൂപയാണ് വനം വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില. വണ്ണവും ഗുണനിലവാരവും നോക്കിയാണ് വില കണക്കാക്കുന്നത്. തടിക്കും വിറകിനും വെവ്വേറെയായാണ് വില നിർണയിക്കുന്നത്.

പത്തിരട്ടി മരം നടും

മുറിക്കുന്നതിന്റെ പത്തിരട്ടി മരങ്ങൾ ദേശീയപാത അധികൃതർ നടണം എന്ന വ്യവസ്ഥയോടെയാണ് സാമൂഹിക വനവൽക്കരണ വിഭാഗം അസി. കൺസർവേറ്റർ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത്. ഇതനുസരിച്ച് പൊതുസ്ഥലത്ത് നിന്ന് മുറിക്കുന്ന മരങ്ങൾക്കു പകരമായി മാത്രം 84000 മരങ്ങൾ നടേണ്ടതുണ്ട്. പാതയോരങ്ങൾക്കു  പുറമേ സർക്കാർ- പുറമ്പോക്ക് ഭൂമിയിലും മരങ്ങൾ നടാം. നടുന്നതിനൊപ്പം പരിപാലനത്തിന്റെ ഉത്തരവാദിത്തവും ദേശീയപാത അധികൃതർക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here