‘ഇന്നവൻ ഉമ്മറം കാണിച്ചു; നാളെ പിന്നാമ്പുറം കാണിക്കില്ലെന്ന് ആരുകണ്ടു’; അർദ്ധനഗ്നനായി ഹൈക്കോടതി വീഡിയോ കോൺഫറൻസിൽ എത്തുന്ന വിരുതനെ തേടി അഭിഭാഷകർ

0
242

ഹൈക്കോടതി നടപടികൾ ഇപ്പോൾ വീഡിയോ കോൺഫറൻസിലൂടെയാണ്. മിക്ക അഭിഭാഷകരും കോടതി നടപടികളിൽ പങ്കെടുക്കുന്നതും ഇതിലൂടെത്തന്നെ. ഇതിനിടെ ഒരു വിരുതൻ ഹൈക്കോടതിയുടെ ഓൺലൈൻ വീഡിയോ കോൺഫറൻസിൽ എത്തുന്നത് അർദ്ധനഗ്നനായാണ്. ഇയാൾ ആരാണെന്ന് ഇതുവരെ മറ്റ് അഭിഭാഷകർക്ക് പിടികിട്ടിയിട്ടില്ല. ഹൈക്കോടതി ബാർ അസോസിയേഷനിലെ അംഗമല്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും അഭിഭാഷകനാണ്. എതാനും ദിവസമായി തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും ആളെ പിടി കിട്ടിയിട്ടില്ല.

എന്നാൽ ഇയാൾ ആരാണെന്നും ഇയാളുടെ ഉദ്ദേശ്യമെന്താണെന്നും അഭിഭാഷകർക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയാണ്. ഏതാനം ആഴ്ചകൾ മുൻപ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ ഓൺലൈൻ സിറ്റിങ്ങിലാണ് ഈ കഥാപാത്രം ആദ്യമായി ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെട്ടത്. ഇന്നും അതേ രീതിയിൽത്തന്നെ വീഡിയോ കോൺഫറൻസ് സിറ്റിങ്ങിൽ ഇദ്ദേഹം പങ്കെടുത്തു. ഇത്തരക്കാരെ വീഡിയോ കോൺഫെറെൻസിങ്ങിൽ നിന്നും പുറത്താക്കാൻ സംവിധാനം ആവശ്യമാണെന്നാണ് ഭൂരിഭാഗം അഭിഭാഷകരുടെയും ആവശ്യം.പലപ്പോഴും ഇത്തരക്കാരെ ഹോസ്റ്റുകൾ തുടരാൻ അനുവദിക്കുന്നതാണ് ഇതിനു സാഹചര്യം ഉണ്ടാക്കുന്നതെന്നും ഈ അഭിഭാഷകർ പറയുന്നു.

എന്നാൽ ഓൺലൈൻ സിറ്റിംഗിൽ ഡ്രസ്സ്‌ കോഡ് ഇല്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ‘ഇതു ഇന്ത്യയാണ്. ശ്രീമാൻ ഗാന്ധിജിയുടെ ഇന്ത്യ… നാണം മറക്കണം എന്നല്ലാതെ ഷർട്ട്‌ ധരിക്കാതെ വന്നാൽ കോടതിയിൽ കയറ്റുകയില്ല എന്നു വ്യവസ്ഥ ഉണ്ടോ? അയാളെ അന്വേഷിച്ചു നടപടിക്ക് പോയാൽ അത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാകും എന്നും ഇവർ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഹോസ്റ്റ് അയാളെ ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും ഇവർ പറയുന്നുണ്ട്. കോടതിയാണെങ്കിൽ ഡ്രസ് കോഡ് പാലിക്കണമെന്ന് മറ്റ് ചിലർ നീയമപരമായിത്തന്നെ മറുവാദമുന്നയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here