കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 19 ദിവസം. കൊല്ലം പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ഇത്രയധികം ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മൃതദേഹം സംസ്‌കരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് സംസ്‌കാരം നടന്നിട്ടില്ലെന്ന വിവരം അറിയുന്നത്.
പത്തനാപുരം പഞ്ചായത്ത് അധികൃതര്‍ സംസ്‌കാരത്തിന് അനുമതി നല്‍കിയില്ലെന്നും ഇതാണ് മൃതദേഹം സംസ്‌കരിക്കുവാന്‍ വൈകിയതെന്നുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച വിവരം മെഡിക്കല്‍ കോളെജില്‍ നിന്ന് ലഭിച്ചതെന്നും വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 18 നാണ് ശ്വാസകോശരോഗത്തെ തുടര്‍ന്ന് മഞ്ചള്ളൂര്‍ സ്വദേശിയായ ദേവരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുന്നത്. അപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ഇദ്ദേഹം മരണപ്പെട്ടു. ഈ വിവരം ആശുപത്രി അധികൃതര്‍ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു.
എന്നാല്‍ വീട്ടില്‍ സംസ്‌കരിക്കാനുള്ള സൗകര്യമില്ലാത്തതിനാലും പഞ്ചായത്ത് അധികൃതരില്‍ നിന്ന് അനുകൂല നടപടിയില്ലാത്തതിനാലും മൃതദേഹം മെഡിക്കല്‍ കോളെജ് അധികൃതരോട് തന്നെ സംസ്‌കരിക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ദേവരാജന്റെ മൃതദേഹം സംസ്‌കരിച്ചുവെന്നാണ് ഇവര്‍ക്ക് ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് ഇവര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞതെന്ന് കുടുംബം പറഞ്ഞു.