കൊച്ചി: സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലും ഇതര സംസ്ഥാനങ്ങളിലും മഴ മൂലം വിളവെടുപ്പ് മുടങ്ങിയതിനാലാണ് വില ഉയര്‍ന്നത്. തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളയുടെ 90 ശതമാനവും അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് നശിച്ചതായി ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികള്‍ പറയുന്നു. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
40 രൂപയായിരുന്ന സവാളയ്ക്ക് 80 രൂപയാണു കോയമ്പേടിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ വില. ചെറിയ ഉള്ളിയുടെ വില 50 രൂപയില്‍ നിന്നു 100 രൂപയില്‍ എത്തി. ഉള്ളി വില ഉയരുന്നത് ഹോട്ടല്‍ വിഭവങ്ങളുടെ വിലയും ഉയര്‍ത്തിയേക്കും.
മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉള്ളി വിത്ത് വിതയ്ക്കുന്നത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഇത് പുതിയ വിളവ് വൈകിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആദ്യവാരത്തോടെ വില സാധാരണ നിലയിലാകുമെന്നാണു വിലയിരുത്തല്‍.