ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും വിദഗ്ധ സമിതി പറയുന്നു.
ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവ കാലവും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷമുന്‍കരുതലുകളില്‍ ഉണ്ടാവുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടിയിലധികം കോവിഡ് കേസുകള്‍ ഉണ്ടായേക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റ് മാസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ രാജ്യത്തെ 30 ശതമാനം ആളുകള്‍ മാത്രമേ കോവിഡ് പ്രതിരോധം നേടിയിട്ടുള്ളൂ. ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് പെട്ടന്ന് വ്യാപിക്കുന്നതിന് കാരണമാവുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഓണക്കാലമാണ് സമിതി ഇക്കാര്യം വിശദീകരിക്കാനായി ചൂണ്ടിക്കാട്ടിയത്. ഓഗസ്ത് 22 മുതല്‍ സെപ്ംബര്‍ 2 വരെയായിരുന്നു കേരളത്തിലെ ഓണക്കാലം. സെപ്തംബര്‍ എട്ടിനാണ് കേരളത്തില്‍ പെട്ടന്നുള്ള വലിയ രോഗവ്യാപനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 32 ശതമാനമാണ് രോഗവ്യാപനം ഇക്കാലയളവില്‍ വര്‍ധിച്ചത്. കേരളത്തിലെ ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി 22 ശതമാനത്തോളം കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
രോഗവ്യാപനം തടയാന്‍ ഇപ്പോള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ല. ചെറിയ പ്രദേശങ്ങളില്‍ മാത്രമേ ഇനി ലോക്ഡൗണ്‍ ഫലപ്രദമാവുകയുള്ളൂ, രാജ്യം പഴയപടി എല്ലാപ്രവര്‍ത്തനങ്ങളും പുനരാരംഭിക്കേണ്ടതുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു.