വെടിയൊച്ചകൾ ഒരിക്കലും അപരിചിതമല്ലാത്ത തെരുവുകളാണ് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ തെരുവുകൾ. ഇവിടെ വെടിയൊച്ചകൾ സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. ഭീകരവാദികളുടെ ആക്രമണത്തിന് മുന്നിൽ കാഴ്ചക്കാർ മാത്രമാകുകയാണ് പലപ്പോഴും ഇവിടുത്തുകാർ. എന്നാൽ, കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിൽ സംഭവിച്ച ഒരു ആക്രമണം ആരുടേയും നെഞ്ച് പിടിയുന്നതായിരുന്നു.
മെയ് 12നാണ് കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിലേക്ക് ആയുധധാരികൾ പാഞ്ഞടുത്തത്. ആശുപത്രിയിലെ പ്രസവ വാർഡിലേക്ക് കടന്നു കയറിയ ഇവർ പ്രസവ വാർഡിലേക്ക് വെടിയുതിർത്തു. 16 അമ്മമാർ ഉൾപ്പെടെ 24 പേരുടെ ജീവനുകളാണ് വെടിവെയ്പ്പിനെ തുടർന്ന് നഷ്ടമായത്.
അക്കൂട്ടത്തിൽ ജനിച്ചു മണിക്കൂറുകൾ മാത്രം പ്രായമായ ആമിനയുടെ അമ്മ നാസിയയുമുണ്ടായിരുന്നു. ആമിന പിറന്ന് വീണ് 2 മണിക്കൂറുകൾക്കുള്ളിലായിരുന്നു വെടിവെയ്പ്പ് നടന്നത്. കുഞ്ഞു ആമിനക്കും വെടിയേറ്റിരുന്നു. മൂന്നു വെടിയുണ്ടകൾ ആമിനയുടെ കുഞ്ഞു കാലുകളിൽ തറച്ചു. ആമിനയെ പരിശോധിച്ച ഡോക്ടർമാർ അവളുടെ ജീവൻ രക്ഷിക്കാനാകില്ലെന്ന് വിധിയെഴുതി.
എന്നാൽ, ഇപ്പോൾ ആമിനയ്ക്ക് പ്രായം അഞ്ച് മാസം. വിധിയെ തോൽപ്പിച്ച് അവൾ പുഞ്ചിരിച്ചു. ആമിനയുടെ ചിരിയ്ക്ക് മുന്നിൽ അന്ന് പറഞ്ഞ വാക്കുകൾ തിരുത്തുകയാണ് ഡോക്ടർമാർ. കുഞ്ഞു കാലുകളിലെ മുറിവുകൾ ഭേദമായി ആമിന പുതിയ ജീവിതത്തിലേക്ക് ചുവട് വയ്ക്കുകയാണ്.
ആമിനയുടെ അമ്മയെ തീവ്രവാദികൾ കൊന്നു കളഞ്ഞത് ഓർക്കുമ്പോൾ ഇടനെഞ്ച് പിടിയുമെങ്കിലും കുഞ്ഞ് ആമിനയെ നെഞ്ചോട് ചേർക്കുമ്പോൾ ഹൃദയത്തിൽ ഒരു തണുപ്പ് പടരുന്നപോലെയെന്ന് ആമിനയുടെ പിതാവ് റഫിയുള്ള പറയുന്നു.