കോവിഡിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണപരിപാടികളിലാണ് ബിഹാര്‍. കോവിഡ് പ്രോട്ടോക്കോളും, സാമൂഹിക അകലവും പാലിച്ച് വേണം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്താനെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമുണ്ട്. എന്നാല്‍ ഇതെന്നും പാലിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസ്ഥാനത്ത് സ്റ്റേജ് തകര്‍ന്നുവീണ സംഭവം.
ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ചന്ദ്രികാ റായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സ്റ്റേജ് തകര്‍ന്നുവീണത്. സ്റ്റേജിലെ തിക്കും തിരക്കും മൂലമാണ് സ്റ്റേജ് തകര്‍ന്നതെന്ന് ആരോപണമുയര്‍ന്ന് കഴിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
സോന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ചന്ദ്രികാ റായി നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. ചന്ദ്രികാ റായിയുടെ അനുനായികളായി നിരവധിപേരാണ് റാലിയിലുണ്ടായിരുന്നത്.
തുടര്‍ന്ന് വേദിയില്‍ ആദ്യം സംസാരിച്ചത് ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ്. റൂഡിയുടെ പ്രസംഗത്തിനുശേഷം ചന്ദ്രികാ റായ് പ്രസംഗിക്കാന്‍ എഴുന്നേതോടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ എല്ലാവരും കൂടി ഹാരമണിയിക്കാന്‍ സ്‌റ്റേജിലേക്ക് ഓടിക്കയറി. തൊട്ടുപിന്നാലെയാണ് സ്റ്റേജ് തകര്‍ന്നത്.
തെരഞ്ഞെടുപ്പ് റാലിയിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെട്ടില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ അകലം ഉറപ്പാക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ നൂറുകണക്കിനു പേരാണ് റാലിയില്‍ പങ്കെടുത്തത്. പലരും മാസ്‌ക് ധരിച്ചിരുന്നില്ല. പോലീസുകാര്‍ പോലും മുന്‍കരുതല്‍ സ്വീകരിക്കാതെയാണ് റാലിയുടെ സുരക്ഷ ഒരുക്കിയത്.
ബിഹാറിലെ മുന്‍ ആര്‍ജെഡി മന്ത്രിസഭകളില്‍ അംഗമായിരുന്ന റായ് കഴിഞ്ഞ ഓഗസ്റ്റിലാണ് ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്നത്. റായിയുടെ മകള്‍ ഐശ്വര്യയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യയെയാണ് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജ് പ്രതാപ് യാദവ് വിവാഹം കഴിച്ചിരുന്നത്. 2018ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ വിവാഹമോചനത്തിന്‍റെ വക്കിലാണെന്നാണ് വാര്‍ത്തകള്‍.
ഒക്ടോബര്‍ 28നും നവംബര്‍ 7നും ഇടയിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് ഇതിനകം ബിഹാറില്‍ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.