കൊറോണ ലോകമെങ്ങും പടർന്നുപിടിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാരക വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ് ഓരോരുത്തരും. ഇതിനെതിരെ മുൻകരുതൽ എടുക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. ഈ കൊവിഡ് കാലത്ത് അടിസ്ഥാന ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതും വളരെ പ്രധാനമാണ്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ശരീരം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന മൂന്ന് തരം പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…
നാരങ്ങയും ഇഞ്ചിയും…
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അസുഖങ്ങൾക്കെതിരെ പോരാടുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇഞ്ചിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു,. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസികപിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും ഇഞ്ചി ഗുണംചെയ്യും. ദിവസവും ഒരു ഗ്ലാസ് നാരങ്ങയും ഇഞ്ചിയും ചേർത്ത വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
ഇഞ്ചിയ്ക്ക് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് ‘എവിഡൻസ് ബേസ്ഡ് കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ’ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
നെല്ലിക്ക വെള്ളം…
ജലദോഷം പോലെയുള്ള രോഗങ്ങളെ തടുക്കാൻ ഉത്തമമാണ് നെല്ലിയിട്ട് തിളപ്പിച്ച വെള്ളം. ഇതിലെ വിറ്റാമിൻ പ്രതിരോധശക്തി നൽകുന്നു. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക ഏറെ ഗുണം ചെയ്യും.
തുളസി വെള്ളം…
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി വെള്ളം സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിക്ക് ഉണ്ട്, കൂടാതെ ശ്വസനവ്യവസ്ഥയിൽ ആശ്വാസം നൽകുവാനായി കഫം പുറന്തള്ളാനും ഇത് സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും തുളസി വെള്ളം ഏറെ നല്ലതാണ്.